ദുബായ്: കോവിഡ് പ്രതിസന്ധിയ്ക്കിടെ നാട്ടിലേയ്ക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന ജീവനക്കാര്‍ക്ക് ചാര്‍ട്ടേര്‍ഡ് വിമാനത്തില്‍ സൗജന്യയാത്രയൊരുക്കി മലയാളി വ്യവസായി. ഷാര്‍ജ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന എലൈറ്റ് ഗ്രൂപ്പ് ഓഫ് കമ്പനീസിലെ ജീവനക്കാര്‍ക്കാണ് ഉടമ ആലപ്പുഴ അമ്പലപ്പുഴ സ്വദേശി ആര് ഹരികുമാര്‍ തണലാകുന്നത്.
തന്റെ ജീവനക്കാര്‍ക്ക് മാത്രമല്ല, വിമാന ടിക്കറ്റിന് പണമില്ലാതെ ബുദ്ധിമുട്ടിലായ പുറത്തുനിന്നുള്ള അമ്പതോളം പേര്‍ക്കും അവസരം നല്‍കിയിരിക്കുകയാണ് ഹരികുമാര്‍. ജീവനക്കാരായ 120 പേരടക്കം 170 യാത്രക്കാരുമായി ജി9 427 എയര്‍ അറേബ്യ വിമാനം യുഎഇ സമയം ഇന്ന് വൈകിട്ട് 4ന് ഷാര്‍ജയില്‍ നിന്ന് കൊച്ചിയിലേയ്ക്ക് പുറപ്പെടും.
എലൈറ്റ് ഗ്രൂപ്പ് ഓഫ് കമ്പനീസിന് കീഴിലുള്ള 12 കമ്പനികളിലെ മലയാളി ജീവനക്കാരാണ് നാട്ടിലേക്ക് പുറപ്പെടുന്നത്. ഇവര്‍ക്ക് മാസ്ക്, ഗ്ലൗസ്, ഫെയ്സ് ഷീല്‍ഡ്, സുരക്ഷാ കവറോള്‍, സാനിറ്റൈസര്‍ എന്നിവയടക്കമുള്ള പിപിഇ കിറ്റുകള്‍ നല്കി. കൂടാതെ, അവരവരുടെ വീടുകളിലേയ്ക്ക് എത്താനുള്ള വാഹന സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് ഹരികുമാര്‍ പറഞ്ഞു.
മൂന്നു മാസത്തെ അവധിക്കാണ് ജീവനക്കാര്‍ പോകുന്നത്. ഒരു മാസത്തെ അവധിക്കാല ശമ്പളവും നല്കി. കോവിഡ് അകന്ന് സാധാരണ നിലയിലാകുമ്പോള്‍ ഇവരെയെല്ലാം തിരിച്ചുകൊണ്ടുവരും. കൂടാതെ, നാട്ടില്‍ സാമ്പത്തിക പ്രയാസം അനുഭവിക്കുന്ന ജീവനക്കാരെ സഹായിക്കുകയും ചെയ്യും.
താത്പര്യമുള്ളവര്‍ക്ക് തന്റെ കോയമ്പത്തൂരിലെ കമ്പനിയില്‍ ജോലി ചെയ്യാമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ മൂന്ന് മാസമായി അനുഭവിച്ചുവരുന്ന മാനസിക സമ്മര്‍ദങ്ങളില്‍ നിന്ന് മോചിതരാകാന്‍ ജീവനക്കാര്‍ക്ക് ഇതോടെ സാധിക്കുമെന്ന് അദ്ദേഹം പറയുന്നു.
എലൈറ്റ് ഗ്രൂപ്പിന് കീഴില്‍ 12 കമ്പനികളിലായി രണ്ടായിരത്തോളം ജീവനക്കാരാണുള്ളത്. ഇവരില്‍ 900 പേരും മലയാളികളാണ്. മിക്കവരും 15 വര്‍ഷത്തിലേറെയായി ഇതേ കമ്പനിയില്‍ ജോലി ചെയ്യുന്നവരാണ്.
Discussion about this post