തിരുവനന്തപുരം: നാട്ടിലേക്ക് ചാർട്ടേഡ് വിമാനത്തിൽ മടങ്ങി എത്തുന്നവർക്ക് കൊവിഡ് പരിശോധനാ സർട്ടിഫിക്കറ്റ് നിർബന്ധമാക്കുന്ന കാര്യത്തിൽ പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം മാത്രം തീരുമാനമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. നിലവിൽ ഇതുസംബന്ധിച്ച് നിർദേശം മുന്നോട്ടുവെക്കുക മാത്രമാണ് ചെയ്തതെന്നും തീരുമാനമെടുത്തിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
വിദേശത്തുനിന്ന് വന്നവർ രോഗബാധിതരല്ല. ജോലി നഷ്ടപ്പെട്ടവർ, രോഗികൾ, ഗർഭിണികൾ തുടങ്ങിയ മുൻഗണനാ വിഭാഗങ്ങളിൽനിന്നുള്ളവരാണ് വന്നത്. അവരിൽ പലർക്കും കൊവിഡ് ഉണ്ടായിരുന്നു. ഇനി വരുന്നവരിലും അതുണ്ടാകാം. അതുകൊണ്ടാണ് പരിശോധന നടത്തണമെന്ന് പറഞ്ഞത്. രോഗികൾ യാത്രചെയ്യാതിരിക്കുന്നതാണ് നല്ലത്. എന്നാൽ ആരോടും ഇവിടേയ്ക്ക് വരേണ്ട എന്ന നിലപാട് സർക്കാർ സ്വീകരിക്കില്ലെന്നും മന്ത്രി പറഞ്ഞു.
വിദേശത്ത് നിന്നും വരുന്ന മലയാളികൾക്ക് കൊവിഡ് പരിശോധന നടത്തിയ ശേഷം വരണമെന്ന നിർദേശം മുന്നോട്ടുവെച്ചത് അവരുടെ തന്നെ സുരക്ഷ മുൻനിർത്തിയായിരുന്നു. പോസിറ്റീവ് ആയ ആളുകളിൽനിന്ന് സഹയാത്രക്കാർക്ക് രോഗം പകരുന്ന സാഹചര്യം ഒഴിവാക്കാനാണ് പരിശോധിച്ച ശേഷം വരുന്നതായിരിക്കും ഉചിതം എന്നു പറഞ്ഞതെന്നും ആരോഗ്യമന്ത്രി വിശദീകരിച്ചു.
ചൊവ്വാഴ്ച പ്രധാനമന്ത്രിയും മുഖ്യമന്ത്രിമാരുമായുള്ള യോഗത്തിനു ശേഷമായിരിക്കും ഇത്തരം കാര്യങ്ങളിൽ തീരുമാനം ഉണ്ടാവുക. നിലവിൽ ഇക്കാര്യത്തിൽ തീരുമാനം എടുത്തിട്ടില്ല. മറ്റു രാജ്യങ്ങളിലെ മലയാളികൾക്ക് പരിശോധന നടത്താനും ചികിത്സ ഉറപ്പുവരുത്താനും നടപടികൾ സ്വീകരിക്കണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. അത് കേന്ദ്രസർക്കാർ ചെയ്യുമെന്നുതന്നെയാണ് കരുതുന്നത്. ഇന്നുവരെ സാമൂഹ്യവ്യാപനം തടഞ്ഞുനിർത്താൻ കഴിഞ്ഞിട്ടുണ്ട്. ധാരാളം ആളുകൾ വരുകയും പോസിറ്റീവ് കേസുകളുടെ എണ്ണം കൂടുകയും ചെയ്യുമ്പോൾ സാമൂഹ്യവ്യാപനത്തിനുള്ള സാധ്യതയുണ്ട്. ഇതുവരെയുള്ള ചിട്ടയായ പ്രവർത്തനങ്ങൾക്കൊണ്ട് സാമൂഹ്യവ്യാപനത്തെ ചെറുക്കാൻ സാധിച്ചിട്ടുണ്ട്. ഇതുവരെയുള്ള കണക്കുകൾ നോക്കുമ്പോൾ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി വിശദീകരിച്ചു.
Discussion about this post