റിയാദ്: സൗദി അറേബ്യയിലെ റിയാദ് അസീസിയ ഡിസ്ട്രിക്ടിൽ പൈപ്പിനകത്ത് കുടുങ്ങി ആറു തൊഴിലാളികൾ മരിച്ചു. തൊഴിലാളികളുടെ രാജ്യവും പേരുവിവരങ്ങളും വെളിപ്പെടുത്തിയിട്ടില്ല. അസീസിയയിലെ ജലപദ്ധതിയുടെ ഭാഗമായി സ്ഥാപിച്ചുകൊണ്ടിരിക്കുന്ന പൈപ്പിനകത്ത് കുടുങ്ങിയാണ് തൊഴിലാളികൾ മരിച്ചത്. 400 മീറ്റർ നീളവും ഒരു മീറ്റർ വ്യാസവുമുള്ള പൈപ്പിനകത്താണ് ആറു തൊഴിലാളികൾ മരിച്ചത്.
പൈപ്പിനകത്ത് കയറിയ തൊഴിലാളികൾ പുറത്തുകടക്കാൻ കഴിയാതെ കുടുങ്ങുകയായിരുന്നു. തൊഴിലാളികളെ കാണാതായതായി സിവിൽ ഡിഫൻസിൽ വിവരം ലഭിച്ചതനുസരിച്ച് നടത്തിയ തെരച്ചിലിലാണ് പൈപ്പിനകത്ത് 360 മീറ്റർ ദൂരെ ബോധരഹിതരായി കിടക്കുന്ന നിലയിൽ ആറു പേരെയും കണ്ടെത്തിയതെന്ന് റിയാദ് പ്രവിശ്യ സിവിൽ ഡിഫൻസ് വക്താവ് ലെഫ്. കേണൽ മുഹമ്മദ് അൽഹമാദി പറഞ്ഞു.
തുടർന്ന് സിവിൽ ഡിഫൻസ് പൈപ്പിൽ ദ്വാരങ്ങളുണ്ടാക്കി ആറു പേരെയും പുറത്തെടുത്തു. മെഡിക്കൽ സംഘം നടത്തിയ പരിശോധനയിൽ ആറു പേരും മരിച്ചതായി സ്ഥിരീകരിച്ചു.