കോഴിക്കോട്: പ്രവാസി മലയാളി നിധിന് ചന്ദ്രന്റെ മരണം കേരളക്കരയെ മാത്രമല്ല പ്രവാസലോകത്തെയും ഒന്നടങ്കം കണ്ണീരിലാഴ്ത്തുന്നു. ജന്മദിനങ്ങള് പോലും സാമൂഹിക സേവനത്തിനുള്ള അവസരമാക്കി മാറ്റിയ നിധിന് വികാര നിര്‍ഭരമായ യാത്രാമൊഴിയാണ് പ്രവാസ ലോകം നല്‍കിയത്.
തിങ്കളാഴ്ച നടക്കേണ്ട രക്തദാന ക്യാമ്പിനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയാക്കിയാണ് നിധിന് വീട്ടിലേക്ക് യാത്രയായത്. എന്നാല്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ നിധിനുണ്ടായില്ല. അവന് അവസാന ഉറക്കത്തിലേക്ക് യാത്രയായി. ദു:ഖം അടക്കാനാവാതെ ബ്ലഡ് ഡൊണേഴ്സ് കേരളയുടെയും ഇന്‍കാസിന്റെയും അംഗങ്ങള്‍ എംബാമിങ് സെന്ററില്‍ നിധിനെ നാട്ടിലേക്ക് അയക്കാന്‍ എത്തിയിരുന്നു.
നേരിട്ട് പരിചയമുള്ളതും അല്ലാത്തതുമായ ഒത്തിരിപ്പേരാണ് അവസാനമായി നിധിനെ കാണാന്‍ എത്തിയത്. ചൊവ്വാഴ്ച വൈകീട്ട് ദുബായി മുഹൈസിനയിലെ എംബാമിങ് സെന്ററില്‍ കണ്ണീരടക്കാന്‍ പാടുപെടുകയായിരുന്നു നിധിന്റെ പ്രിയ സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും.
നിധിന് ഇനിയുള്ള ജീവിതത്തില്‍ ഒപ്പമില്ലെന്ന് വിശ്വസിക്കാന്‍ അത്ര എളുപ്പം സുഹൃത്തുക്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും കഴിയില്ല. സാമൂഹിക പ്രവര്‍ത്തനങ്ങളിലൂടെ എല്ലാവരുടെയും ഹൃദയം കവര്‍ന്ന നിധിന്റെ വിയോഗത്തില്‍ ഞെട്ടലില്‍ തന്നെയാണ് ഇപ്പോഴും പ്രവാസലോകം.
Discussion about this post