റിയാദ്: സൗദി അറേബ്യയുടെ കിരീടവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ അടുത്ത അനുയായി ബദർ അൽ അസാകർ അറസ്റ്റിലായതായി സൂചന. മിഡിൽ ഈസ്റ്റ് ഐയാണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ദിവസങ്ങളായി അസാക്കറിന്റെ സോഷ്യൽമീഡിയ അക്കൗണ്ടുകൾ നിർജ്ജീവമായതാണ് അറസ്റ്റിനെ സംബന്ധിച്ച സംശയങ്ങൾ ഉയരാൻ കാരണം.
2017 മുതൽ മുഹമ്മദ് ബിൻ സൽമാന്റെ ഓഫീസിലെ തലവനും അദ്ദേഹത്തിന്റെ ചാരിറ്റബിൾ ഫൗണ്ടേഷന്റെ ചെയർമാനുമായ അസാകർ സൗദി നേതാവിന്റെ ഏറ്റവും അടുത്ത സഹായിയെന്നാണ് അറിയപ്പെടുന്നത്.
അതേസമയം, അസാകർ അറസ്റ്റിലാണെങ്കിൽ തന്നെ എന്തിന്റെ പേരിലാണെന്നത് സംബന്ധിച്ച് ഒരു സൂചനയും മാധ്യമങ്ങൾക്കില്ല. വിഷയത്തിൽ സൗദി ഭരണകൂടവും ഇതുവരെ പ്രതികരിച്ചിട്ടില്ല.
അസാകർ സൗദി വിമതരുടെയും വിമർശകരുടെയും വ്യക്തിഗത വിവരങ്ങൾ ശേഖരിക്കുന്നതിനായി ട്വിറ്റർ ജീവനക്കാരെ നിയമിച്ചതായി യുഎസ് നീതിന്യായ വകുപ്പ് ആരോപിച്ചിരുന്നു. സൗദി വിമർശകനായ ജമാൽ ഖഷോഗ്ജിയുടെ കൊലപാതകത്തിന് പിന്നാലെ അസാകറിനെതിരെയും സംശയമുയർത്തിയിരുന്നു. മുഹമ്മദ് ബിൻ സൽമാന്റെ നിർദേശപ്രകാരം സോഷ്യൽമീഡിയയിൽ അസാകർ സജീവമായിരുന്നുവെന്നാണ് യുഎസിന്റെ ആരോപണം.
Discussion about this post