റിയാദ്: കൊറോണ വൈറസ് ബാധിച്ച് ഒരു മലയാളിക്ക് കൂടി സൗദിയില്‍ ദാരുണാന്ത്യം. ആലപ്പുഴ മുതുകുളം സ്വദേശി മഞ്ഞണിതറയില്‍ അപ്പുകുട്ടന്‍ ശര്‍മദന്‍ ആണ് മരിച്ചത്. 56 വയസ്സായിരുന്നു. കൊറോണ ബാധിച്ചതിനെ തുടര്‍ന്ന് റിയാദില്‍ ചികിത്സയില്‍ കഴിയവെയാണ് മരണം സംഭവിച്ചത്.
പ്രമേഹ രോഗ ചികിത്സക്കായി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേയാണ് അദ്ദേഹത്തിന് കൊറോണ സ്ഥിരീകരിച്ചത്. തുടര്‍ന്ന് ഒരാഴ്ചയായി തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുകയായിരുന്നു. അതിനിടെ തിങ്കളാഴ്ച പുലര്‍ച്ചെയാണ് മരണമടഞ്ഞത്.
നിയമനടപടികള്‍ പൂര്‍ത്തിയാക്കാന്‍ സഹപ്രവര്‍ത്തകനും പി.എം.എഫ് ജീവകാരുണ്യ പ്രവര്‍ത്തകനുമായ രാജു പാലക്കാട്, കമ്പനി അധികൃതര്‍ക്കൊപ്പം രംഗത്തുണ്ട്. മൃതദേഹം കൊറോണ പ്രോട്ടോകോള്‍ പ്രകാരം സംസ്‌കരിക്കും. 26 വര്‍ഷമായി അല്‍സഹ്‌റാന്‍ കമ്പനിയില്‍ ഡോക്യുമെന്റ് കണ്‍ട്രോളര്‍ ആയിരുന്നു അപ്പുകുട്ടന്‍ ശര്‍മദന്‍.
നിരവധി മലയാളികളാണ് ഇതിനോടകം കൊറോണ വൈറസ് ബാധിച്ച് പ്രവാസ ലോകത്ത് മരിച്ചുവീണത്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കിയിട്ടും ഗള്‍ഫ് രാജ്യങ്ങളിലും കൊറോണ ബാധിതരുടെ എണ്ണവും മരണസംഖ്യയും ദിനംപ്രതി ഉയരുകയാണ്.
Discussion about this post