ദുബായ്: കൊവിഡ് ലോക്ക് ഡൗൺ കാലത്ത് വിമാന സർവീസുകൾ ഉൾപ്പടെ നിർത്തിവെച്ച പ്രതിസന്ധിയുടെ നാളുകളിൽ ഗർഭിണികൾ അടക്കമുള്ളവർക്ക് നാട്ടിൽ പോകാൻ വിമാനം അനുവദിക്കാനായി നിയമപോരാട്ടം നടത്തിയ കോഴിക്കോട് പേരാമ്പ്ര സ്വദേശി ജിഎസ് ആതിരയുടെ ഭർത്താവ് നിതിൻ ചന്ദ്രൻ (28) ദുബായിൽ മരിച്ചു. ദുബായ് ഇന്റർനാഷണൽ സിറ്റിയിലെ താമസസ്ഥലത്തുവെച്ച് തിങ്കളാഴ്ച പുലർച്ചെ ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് വിവരം. നേരത്തെ ഹൃദയസംബന്ധമായ അസുഖത്തിന് ചികിത്സ തേടിയിരുന്നതായി സുഹൃത്തുക്കൾ പറഞ്ഞു.
സ്വകാര്യകമ്പനിയിൽ എഞ്ചിനീയറായി ജോലി ചെയ്ത് വരികയായിരുന്നു നിതിൻ. യുഎഇയിൽ സജീവ സാമൂഹ്യപ്രവർത്തകനുമായിരുന്നു. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ഗൾഫിലെ പോഷക സംഘടനയായ ഇൻകാസ് യൂത്ത് വിങ്ങിലും, ബ്ലെഡ് ഡോണേഴ്‌സ് കേരളയിലും സജീവഅംഗമായിരുന്നു.
കൊവിഡ് പ്രവർത്തനങ്ങളിലും രക്തദാന ക്യാമ്പുകളിലും പ്രവർത്തിച്ചുകൊണ്ടിരിക്കെയാണ് മരണം കവർന്നെടുത്തത്. ഗർഭിണികൾ അടക്കമുള്ളവരെ നാട്ടിൽ പോകാൻ അനുവദിക്കണം എന്നാവശ്യപ്പെട്ട് ആതിര നടത്തിയ നിയമപോരാട്ടം സുപ്രീംകോടതിയിലെത്തിയതോടെ വലിയ ചർച്ചയായിരുന്നു. വന്ദേഭാരത് മിഷന്റെ ആദ്യ വിമാനത്തിൽ തന്നെ ഗർഭിണിയായ ആതിര നാട്ടിലെത്തുകയും ചെയ്തിരുന്നു.
നിതിൻ ആറ് വർഷമായി ദുബായിയിലുണ്ട്. ജൂൺ അവസാനവാരം ആതിരയുടെ പ്രസവം നടക്കാനിരിക്കെയാണ് നിതിന്റെ മരണം. ദുബായ് പോലീസ് ഹെഡ് ക്വാട്ടേഴ്‌സ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ചൊവ്വാഴ്ച കോഴിക്കോട്ടേക്ക് പുറപ്പെടുന്ന വന്ദേഭാരത് ദൗത്യത്തിലെ വിമാനത്തിൽ മൃതദേഹം കൊണ്ടുപോകാനുള്ള ശ്രമത്തിലാണെന്ന് ബിഡികെ അംഗവും നിതിന്റെ സുഹൃത്തുമായ ഉണ്ണി പറഞ്ഞു.
Discussion about this post