മന്ത്രി ഒക്കെ പുറത്ത്, വീട്ടില്‍ ഇതെന്റെ ഉമ്മ; ഓണ്‍ലൈന്‍ രാജ്യന്തര സമ്മേളനത്തില്‍ സംസാരിക്കുന്നതിനിടെ യുഎഇ മന്ത്രിയുടെ അടുത്തേക്ക് ഓടിയെത്തിയ മകനും ലോകപ്രശസ്തനായി, ചിരിയടക്കാനാവാതെ യുഎന്‍ സെക്രട്ടറി

ദുബായ്: കൊറോണ കാരണം ലോക്ക് ഡൗണായതിനാല്‍ അന്താരാഷ്ട്ര സമ്മേളനങ്ങളെല്ലാം ഓണ്‍ലൈനിലൂടെ നടത്തുകയാണ്. വീട്ടിലിരുന്ന ഇത്തരം ഗൗരവമായ ഓണ്‍ലൈന്‍ സമ്മേളനങ്ങള്‍ നടത്തുന്നത് പലപ്പോഴും ബുദ്ധിമുട്ടുണ്ടാണ്. കാരണം കുട്ടികളുള്ള വീടുകളാണെങ്കില്‍ കാര്യം ഊഹിക്കാമല്ലോ.

ഗൗരവതരമായ ഇത്തരം ഓണ്‍ലൈന്‍ സമ്മേളനം നടക്കുന്നതിനിടെ ഒരു കുട്ടി ഓടി വന്നാല്‍ എന്താണ് സംഭവിക്കുക. അത്തരത്തില്‍ ഒരു സംഭവമാണ് കഴിഞ്ഞദിവസങ്ങളില്‍ സോഷ്യല്‍മീഡിയയില്‍ ഒന്നടങ്കം പ്രചരിച്ചുകൊണ്ടിരിക്കുന്നത്. യുഎഇ മന്ത്രിയുടേയും മകന്റേതുമാണ് വീഡിയോ.

ഗൗരവമായ വിഷയത്തെ കുറിച്ച് സംസാരിച്ചു കൊണ്ടിരുന്ന യുഎഇ മന്ത്രിയുടെ അടുത്തേക്ക് മകന്‍ ഓടി എത്തി. രാജ്യാന്തര വെര്‍ച്വല്‍ സമ്മേളനത്തില്‍ പങ്കെടുക്കവെയാണ് യുഎഇ രാജ്യാന്തര സഹകരണ സഹമന്ത്രി റീം അല്‍ ഹാഷിമിയുടെ അരികിലേക്ക് മകന്‍ ഹസാ വന്നുനിന്നത്.

എന്നാല്‍ സംസാരിക്കുന്ന വിഷയം ഗൗരവമുള്ളതാണെങ്കിലും ഹസാ എത്തിയതോടെ സമ്മേളനത്തില്‍ പങ്കെടുത്തവര്‍ക്ക് രസമുള്ള കാഴ്ചയായി മാറി. യെമന് സഹായം നല്‍കുന്നതു സംബന്ധമായുള്ള വിഡിയോ കോണ്‍ഫറന്‍സില്‍ ലോക നേതാക്കളുമായി മന്ത്രി സംവദിച്ചുകൊണ്ടിരിക്കെയായിരുന്നു മനോഹരമായ ഈ രംഗം.

ലോക നേതാക്കള്‍ ഇത് ആസ്വദിക്കുകയും ചെയ്തു. എന്നാല്‍ മകന്‍ അടുത്തുവന്നപ്പോള്‍ യുഎഇ മന്ത്രി അവനെ ദൂരേക്ക് അകറ്റാന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം. മകന്‍ വന്നുനിന്നപ്പോള്‍ അവര്‍ പതുക്കെ പറഞ്ഞു: ‘അപ്പുറത്ത് പോകൂ’… ഇതുകേട്ട് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്രസ്സിന് ചിരിയടക്കാനായില്ല.

എന്നാല്‍ തെറ്റ് സംഭവിച്ചതില്‍ മന്ത്രി ക്ഷമ ചോദിക്കുകയും ചെയ്തു. വീണ്ടും പ്രസംഗം തുടര്‍ന്നതോടെ ഹസാ വീണ്ടുമൊരിക്കല്‍ക്കൂടി ഉമ്മയുടെ അരികില്‍ ഓടിയെത്തുകയും മന്ത്രി റീം മകനെ അകറ്റിക്കൊണ്ടുമിരുന്നു. ഈ വിഡിയോ സമൂഹ മാധ്യമങ്ങളിലൂടെ വൈറലായിക്കഴിഞ്ഞു.

Exit mobile version