കോവിഡ് പ്രതിസന്ധിയില്‍ നാട്ടിലേക്ക് മടങ്ങാനിരിക്കെ ഭാഗ്യദേവത കടാക്ഷിച്ചു, അബൂദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിലൂടെ കോഴിക്കോട്ടുകാരന് 24. 6 കോടി സ്വന്തം

അബുദാബി: അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിലൂടെ കോടിപതിയായി മലയാളി. അജ്മാനിലെ അല്‍ഹുദ ബേക്കറിയില്‍ സെയില്‍സ്മാനായി ജോലി ചെയ്യുന്ന കോഴിക്കോട് ചാത്തമംഗലം സ്വദേശി അസ്സൈന്‍ മുഴിപ്പുറത്താണ് 24.6 കോടി രൂപ സ്വന്തമാക്കിയത്.

കോവിഡ് പ്രതിസന്ധിയില്‍പ്പെട്ട് നാട്ടിലേക്ക് മടങ്ങാനിരിക്കെയാണ് ഭാഗ്യദേവത അനുഗ്രഹിച്ചത്. 27 വര്‍ഷമായി യുഎഇയില്‍ ജോലി ചെയ്തുവരികയായിരുന്ന അസൈന്‍ ഇത് നാലാം തവണയാണ് ടിക്കറ്റ് എടുക്കുന്നത്. നാലാം തവണ അസ്സൈനെ തേടി ഭാഗ്യമെത്തുകയായിരുന്നു.

ബിഗ് ടിക്കറ്റ് നറുക്കെടുപ്പിലൂടെ ഒന്നാംസമ്മാനം ലഭിച്ച കാര്യം ഭാര്യയെ വിളിച്ചറിയിച്ചെങ്കിലും വിശ്വസിച്ചില്ലെന്ന് അസ്സൈന്‍ പറയുന്നു. വയനാട്ടില്‍ എന്‍ജിനീയറിങിന് പഠിക്കുന്ന മകള്‍ സന ഫാത്തിമ അസ്സൈന്‍, എസ്എസ്എല്‍സി പരീക്ഷാ ഫലം കാത്തിരിക്കുന്ന അലാ ഫാത്തിമ അസ്സൈന്‍ എന്നിവര്‍ക്ക് മികച്ച വിദ്യാഭ്യാസം നല്കുകയാണ് പ്രഥമ പരിഗണന.

അവരുടെ വിവാഹത്തിനുള്ള തുകയും മാറ്റിവയ്ക്കും. ശേഷിച്ച തുക കൊണ്ട് നാട്ടില്‍ സ്വന്തമായൊരു ബിസിനസ് തുടങ്ങാനാണ് പരിപാടിയെന്ന് അസ്സൈന്‍ പറഞ്ഞു. അബുദാബി ബിഗ് ടിക്കറ്റിന്റെ ആകെയുള്ള ഏഴു സമ്മാനങ്ങളില്‍ ഒന്നാം സമ്മാനം ഉള്‍പ്പെടെ നാലും സ്വന്തമാക്കിയത് ഇന്ത്യക്കാരാണ്.

Exit mobile version