റിയാദ്: സ്പോൺസറായ അറബി ശമ്പളം പോലും നൽകാതെ തെരുവിൽ ഇറക്കിവിട്ട ഉഗാണ്ടൻ സ്വദേശിനിയായ സ്ത്രീയ്ക്ക് ഒടുവിൽ പ്രവാസി മലയാളിയുടെ കാരുണ്യത്തിൽ തണലൊരുങ്ങി. രണ്ട് ദിവസങ്ങൾക്ക് മുമ്പ് തന്റെ കടയിലെത്തിയ അവശയായ സ്ത്രീക്ക് എസി സലാമെന്ന മലയാളി പ്രവാസിയാണ് സഹായഹസ്തം നീട്ടിയത്. ഉഗാണ്ടയിൽ നിന്നും വീട്ടുജോലിക്കായി സൗദിയിലെത്തിയതായിരുന്നു ആ സ്ത്രീ. ജോലിയിൽ നിന്നും അകാരണമായി പിരിച്ചുവിടുകയും തെരുവിൽ ഉപേക്ഷിക്കുകയുമായിരുന്നു സ്പോൺസർ. നാലുമാസം ജോലി ചെയ്ത പണം പോലും സ്ത്രീക്ക് നൽകാൻ സ്പോൺസർ തയ്യാറായില്ല. കാര്യങ്ങൾ ചോദിച്ചറിഞ്ഞ് മനസിലാക്കിയ സലാം ഉഗാണ്ടൻ എംബസിയേയും സൗദി പോലീസിനേയും ബന്ധപ്പെട്ടതാണ് എല്ലാം ശുഭമായി അവസാനിക്കാൻ ഇടയാക്കിയത്.
ഒടുവിൽ നിയമനടപടികൾ ഭയന്ന് സ്പോൺസർ വന്ന് സ്ത്രീയെ കൊണ്ടുപോവുകയായിരുന്നെന്ന് സലാം പറയുന്നു. പിന്നീട് ഇക്കാര്യത്തിലുണ്ടായ സലാമിന്റെ ഇടപെടലിന് സൗദി പോലീസും ഉഗാണ്ടൻ എംബസിയും അഭിനന്ദിക്കുകയും എല്ലാ മലയാളികളേയും വാഴ്ത്തുകയും ചെയ്തെന്ന് സലാം പറയുന്നു.
എസി സലാമിന്റെ ഫേസ്ബുക്ക് കുറിപ്പ്:
30/5 2020
അതായത് ഇന്നലെ രാവിലെ പതിനൊന്ന് മണി സമയം, എന്റെ ഷോപ്പിന്റെ മുന്നിലൂടെ ഒരു പർദ്ധ ധരിച്ച സ്ത്രീ കയ്യിൽ ഒരു പ്ലാസ്ററീക് ബേഗും തോളിൽ മറ്റൊരു ബേഗും തൂക്കി അതികഠിനമായ പൊരിവെയിലത്ത് നടന്ന് പോകുന്നത് ശ്രദ്ധയിൽ പെട്ടിരുന്നു. മുഖം മറച്ചത് കൊണ്ട് കണ്ണുകൾ മാത്രമേ പുറത്തേക്ക് കാണുന്നുള്ളൂ. കൈകളിൽ കറുത്ത ഗ്ലൗസും കാലിൽ സോക്സും ധരിച്ചിരുന്നു. ടാക്സി ലഭിക്കാത്തത് കൊണ്ടാകും നടന്ന് പോകുന്നത് എന്ന് വളരെ വിഷമത്തോടെ ഞാനോർത്തു.പന്ത്രണ്ട് മണിയോടെ എന്റെ ജോലി കഴിഞ്ഞ് പിന്നീട് പുറത്ത് ഷോപ്പിംഗിനും പോയി ഉച്ചക്ക് രണ്ട് മണിയോടെ തിരിച്ചെത്തിയപ്പോൾ, ആ ചുട്ടുപൊള്ളുന്ന വെയിലിൽ അതേ സ്ത്രീ ഷോപ്പിന് മുമ്പിലൂടെ മടങ്ങി പോകുന്നതും കണ്ടു. തല കറങ്ങി വീണേക്കാവുന്ന അത്രയും ചൂടിൽ അവർ പ്രയാസപ്പെട്ട് നടന്നകന്നു..
31/ 5/2020 ഇന്ന് രാവിലെ എട്ട് മണിയായപ്പോൾ വീണ്ടും ആ സ്ത്രീ, അതേ വേഷത്തിൽ അതെ ബേഗും തൂക്കി എവിടെയെക്കെയോ ചുറ്റികറങ്ങി നടന്ന് ക്ഷീണിതയായി റോഡിന്റെ ഒരു വശം ചേർന്ന് പൊരിവെയിലത്ത് നിൽക്കുന്നത് കണ്ടു. ജിജ്ഞാസയും സഹതാപവും കാരണം എനിക്ക് അവരെ കുറിച്ച് അന്വേഷിക്കണമെന്ന് തോന്നി. പക്ഷെ ജോലി തിരക്കിനിടെ പോയി ചോദിച്ചറിയാൻ കഴിയുമായിരുന്നില്ല.യാദൃച്ഛികമായി,പെട്ടെന്ന് അവർ എന്റെ കഫ്റ്റീരിയയെ ലക്ഷ്യം വെച്ച് നടന്ന് വരുന്നത് കണ്ടു. രണ്ട് റിയാൽ നീട്ടി ഒരു കുപ്പി വെള്ളം ചോദിച്ചു.ഞാൻ വേഗത്തിൽ രണ്ട് ബോട്ടിൽ വെള്ളം കൊടുത്തതും അവർ അതുവാങ്ങി ഒറ്റ വലിക്ക് നിന്നനിൽപിൽ കുടിച്ചു തീർത്തു. പൈസ വേണ്ടെന്ന് പറഞ്ഞു ഞാൻ വാങ്ങിയില്ല. ഷോപ്പിൽ മറ്റു കസ്റ്റമേഴ്സ് ഉണ്ടായതിനാൽ മറ്റു കാര്യങ്ങൾ ചോദിച്ചറിയാൻ കഴിയുമായിരുന്നില്ല. വളരെ ക്ഷീണിതയായിരുന്ന അവർക്ക് ഒരു കസേരയിട്ട് കൊടുത്ത് അവരെ അവിടെ ഇരുത്തി. ആ പാവത്തിന് എന്തോ എന്നിൽ പ്രതീക്ഷ ജനിക്കുന്ന പോലെ തോന്നി. സമയം കിട്ടിയപ്പോൾ ഞാൻ ആദ്യം കുറച്ച് ഭക്ഷണം കൊണ്ട് പോയി കൊടുത്തു. അവർ ആർത്തിയോടെ അത് കഴിച്ചു കഴിഞ്ഞതും കസേരയിൽ തന്നെ ഇരുന്ന് ഉറങ്ങി പോയി പാവം. അശ്രദ്ധയാൽ ഷോപ്പിന്റെ ഗ്ലാസ്സിൽ എന്റെ കൈ തട്ടിയുണ്ടായ ശബ്ദം കേട്ടപ്പോൾ അവർ ഉറക്കത്തിൽ നിന്നും ഞെട്ടിയുണർന്നു. ഞാനൊരു പൊറോട്ട കഴിക്കാൻ വേണ്ടി കയ്യിലെടുത്തതായിരുന്നു, അവരുടെ ദയനീയമായ നോട്ടം കണ്ടപ്പോൾ പൊറോട്ട കഴിക്കണോ എന്ന് ചോദിച്ച് ഞാൻ അടുത്തേക്ക് ചെന്നു. പൊറാട്ടവാങ്ങി അവർ ബേഗിൽ വെക്കുന്നത് കണ്ട് ഞാൻ അറബിയിൽ ചോദിച്ചു, ‘എന്തിനാണിത് സൂക്ഷിച്ചുവെക്കുന്നത് ഇപ്പോൾ തന്നെ കഴിച്ചോളൂ’. അവരൊന്നും മിണ്ടിയില്ല.അറബി അത്ര വശമില്ല എന്ന് തോന്നിയപ്പോൾ ‘ശ്രീലങ്കക്കാരിയാണോ ‘ എന്ന് ചോദിച്ചു. അവർ ആ പേര് കേട്ട ഭാവം തന്നെയില്ല.
അറബി അറിയാമോ എന്ന് ചോദിച്ചപ്പോൾ ‘ശോയ ശോയ’ (കുറച്ച് കുറച്ച് ) എന്ന് പറഞ്ഞു,,, അപ്പോഴാണ് ഞാൻ എനിക്കറിയാവുന്ന ഇംഗ്ളീഷിൽ ചോദ്യങ്ങൾ തുടങ്ങിയത്, അവർ ആഫ്രിക്കയിലെ ഉഗാണ്ടക്കാരിയാണ്. നാല് മാസമായി വീട്ടുജോലിക്കായി റിയാദിലെത്തിയിട്ട്. നാല് മാസം ജോലി ചെയ്തിട്ട് ശമ്പളം പോലും കൊടുക്കാതെ
പുറത്ത് എവിടെയേക്കോ ഇറക്കിവിട്ട് സ്പോൺസർ കടന്ന് കളഞ്ഞതാണ്. ആ കാരണത്താലാണ് ഈ സാധു സ്ത്രീ
പോലീസ് സ്റ്റേഷനിൽ ഇന്നലെ മുതൽ കയറി ഇറങ്ങി നടക്കുന്നത്. രാത്രി എവിടെയോ ഇരുന്ന് നേരം വെളുപ്പിച്ചതാണ് പാവം.
വീണ്ടും വെള്ളം ചോദിച്ച് രണ്ട് റിയാൽ നീട്ടി. ഞാൻ പറഞ്ഞു ‘നിങ്ങളുടെ പണം എനിക്ക് വേണ്ട, നിങ്ങൾ പോകുന്നത് വരെ എന്ത് വേണമെങ്കിലും ഇവിടെ നിന്ന് കഴിക്കാം’ ഇനി ടോയ്ലറ്റിൽ പോവാൻ ഉണ്ടെങ്കിൽ സ്വകര്യത്തിനായി എന്റെ താമസ സ്ഥലത്തിന് പുറത്തുള്ള ടോയ്ലറ്റും കാണിച്ച് കൊടുത്തു.
സമയം കിട്ടുന്നതിനനുസരിച്ച് അവരിൽ നിന്നും ഓരോ കാര്യങ്ങളും ചോദിച്ചറിഞ്ഞു.
മൊബൈൽ ഫോണും പാസ്പോർട്ടും എല്ലാം സ്പോൺസർ പിടിച്ച് വെച്ചിരിക്കുകയായിരുന്നു…
വീണ്ടും അവർ പോലീസ് സ്റ്റേഷനിലേക്ക് പോയി തിരിച്ച് വന്നു. കടയിലെ തിരക്ക് കഴിഞ്ഞ് ഞാൻ കുറച്ച് ഫ്രീ ആയ സമയത്ത് കൂടുതൽ കാര്യങ്ങൾ ചോദിച്ചറിഞ്ഞു. ‘നിങ്ങളെ നാട്ടിലെ വീട്ടുകാരുടെ ആരുടെയെങ്കിലും ഫോണോ, വാട്സ്സപ്പ് നമ്പറോ ഉണ്ടോ’ എന്ന ചോദ്യത്തിന് ഒരു ദയനീയമായ ചിരിയായിരുന്നു ഉത്തരം…
നിസ്സഹായയായ ആ സ്ത്രീ ബേഗിൽ നിന്നും തപ്പിയെടുത്തു തന്ന ഉഗാണ്ടയിലെ എംബസി നമ്പർ ഞാൻ എന്റെ ഫോണിൽ സേവ് ചെയ്തപ്പോൾ ഭാഗ്യത്തിന് ആ നമ്പറിൽ വാട്സ്സപ്പ് ലഭ്യമാണെന്ന് കണ്ടു. ആ സന്തോഷത്തിൽ ഒരു ഹലോ പാസാക്കി, അവിടെ കിട്ടിയതിന്റെ സൂചനയായി രണ്ട് നീല വരകൾ തെളിഞ്ഞുവന്നു. ഉടനെ തന്നെ ഞാൻ അവരെ കൊണ്ട് അവരുടെ ഭാഷയിൽ ഒരു വോയിസ് മെസ്സേജ് അയപ്പിച്ചു. മുഖം വെളിവാക്കിയാൽ ഒരു ഫോട്ടോ അയക്കാമായിരുന്നു എന്ന് പറഞ്ഞപ്പോൾ വേഗം അവർ മുഖപടം നീക്കി. ഞാൻ ഫോട്ടോ എടുത്ത് അയച്ച് കൊടുത്തു.വാട്സ്സപ്പ് കോൾ സാധാരണ കിട്ടാറില്ല എങ്കിലും ചുമ്മാ ഒന്ന് ട്രൈ ചെയ്യാമെന്ന് വെച്ച് ഡയൽ ചെയ്തു നോക്കി. ഭാഗ്യവശാൽ ആ കോൾ ഉഗാണ്ട എംബസി റിസീവ് ചെയ്തു. അവർ പരസ്പരം കാര്യങ്ങൾ സംസാരിച്ചതിന് ശേഷം എന്റെ അടുത്ത് ഫോൺ തരാൻ പറഞ്ഞു. എന്നോട് വിവരങ്ങൾ ചോദിച്ചറിഞ്ഞു. ഞാൻ എംബസിക്കാർക്ക് എന്റെ കടയുടെ ലൊക്കേഷൻ അയച്ച് കൊടുത്തു. ഉഗാണ്ട എംബസി വളരെ പെട്ടെന്ന് തന്നെ സൗദി ഓഫീസുമായി ബന്ധപ്പെടുകയും എന്റെ നമ്പർ കൈമാറുകയും ചെയ്തു.
പിന്നീട് കാര്യങ്ങൾ വളരെ സ്പീഡായി നടന്നു. ഒരു സൗദി ഓഫീസർ ആയിരുന്നു എന്നെ വിളിച്ചത്. അപ്പോഴേക്കും ആ സ്ത്രീയുടെ സ്പോൺസർക്ക് വിളികൾ എത്തിതുടങ്ങിയിട്ടുണ്ട്.
കുറച്ച് കഴിഞ്ഞ് സ്പോൺസർ എന്നെ നേരിട്ട് വിളിക്കുകയും ഉടനെ എത്താമെന്ന് പറഞ്ഞ് ഫോൺ വെച്ചപ്പോൾ എനിക്കെന്തോ പന്തിയില്ലായ്മ പോലെ തോന്നി.
ഞാൻ എംബസി ഓഫീസറെ വീണ്ടും വിളിച്ച് കാര്യങ്ങൾ പറഞ്ഞു. ‘സ്പോൺസർ വരുന്നുണ്ട്, ഇനിയും അവരുടെ കൂടെ പറഞ്ഞയക്കണോ, ഇത്രയും കാലം അവരിൽ നിന്നും പീഡനം അനുഭവിച്ചവരല്ലേ’ എന്ന് ചോദിച്ചപ്പോൾ ഓഫീസർ പറഞ്ഞത് ഒരു വീട്ടുജോലിക്കാരിയെ നമ്മൾ കൊടുത്തിട്ടുണ്ടെങ്കിൽ ഒരു പോറൽ പോലുമേൽപ്പിക്കാതെ അവർ അവരെ തിരിച്ച് നമ്മളെ ഏൽപ്പിച്ചോളണം അഥവാ അവർക്ക്, എന്തെങ്കിലും ദേഹോപദ്രവം സംഭവിച്ചാൽ തന്നെ അതിനുള്ള നഷ്ടപരിഹാരം അവരിൽ നിന്നും ഈടാക്കുമെന്നതാണ് നിയമം’. അതു കൊണ്ട് സലാമിന് ധൈര്യമായി അവരെ ഏൽപ്പിക്കാമെന്ന് ഉറപ്പ് നൽകി. കുറച്ച് കഴിഞ്ഞ് സ്പോൺസർ എത്തി. ആ സ്ത്രീയുടെ കൂടെ നിൽക്കുന്ന എന്റെ ഫോട്ടോ എടുക്കാൻ ആ അറബി ശ്രമിച്ചപ്പോൾ എന്റെ ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കൾ സമ്മതിച്ചില്ല.കാരണം അറബികളാണ് അവർ നിങ്ങൾക്കെതിരര വല്ല കേസും കൊടുക്കുമെന്ന് അവർ പറഞ്ഞു.
ഞാൻ ചോദ്യം ചെയ്തു, ”എന്തിനാണ് എന്റെ ഫോട്ടോ എടുക്കുന്നത്?’ അപ്പോഴാണ് വീണ്ടും ആ ഓഫീസറുടെ ഫോൺ എനിക്ക് വന്നത് . ഈ സ്പോൺസർ എന്റെ പക്കൽ നിന്നും സ്ത്രീയെ സ്വീകരിച്ചതിനുള്ള തെളിവ് സ്പോൺസറോട് ആവിശ്യപ്പെട്ടത് കൊണ്ടാണ് കൂടെയുള്ള ഫോട്ടോ എടുക്കാൻ അയാൾ ചോദിച്ചത് എന്ന് അപ്പോഴാണ് മനസ്സിലായത്. സൗദി ഓഫീസർ എന്നോട് ചോദിച്ച ഒരു കാര്യം നമ്മൾ മലയാളികൾക്ക് അഭിമാനിക്കാവുന്നതാണ്. ‘അബ്ദുസലാം കേരളയല്ലേ? അയാൾ ഒരുപാട് നന്ദി അറിയിച്ചു. മലയാളികളെ അഭിനന്ദിച്ച് കൊണ്ട് വാട്ട്സപ്പിൽ വോയ്സ് മെസ്സേജ് അയച്ചു. ഉഗാണ്ടൻ എംബസിയും അഭിനന്ദനങ്ങൾ അറിയിച്ചും പ്രശംസിച്ചും മെസ്സേജ് അയച്ചു, ആ പാവം സ്ത്രീക്ക് അരമണിക്കുറിനകം ഇക്കാമ എടുത്ത് കൊടുത്തതും മറ്റുമൊക്കെയായി എല്ലാവിധ ഫോട്ടോസും ഉഗാണ്ടൻ എംബസി എനിക്ക് അയച്ച് തന്നു,
പടച്ചവനേ നിനക്കാണ് സർവ്വ സ്തുതിയും..!
AC അബ്ദുസ്സലാം ചുള്ളിപ്പാറ
Discussion about this post