ജിദ്ദ: സൗദിയില്‍ കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് രണ്ട് മാസത്തിലധികമായി അടഞ്ഞുകിടന്ന മുഴുവന്‍ പള്ളികളും തുറന്നു. വേണ്ട സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിച്ചാണ് ഞായറാഴ്ച പ്രഭാത നമസ്‌കാരത്തോടെ പള്ളികള്‍ തുറന്നത്. പള്ളികള്‍ തുറക്കുമെന്ന പ്രഖ്യാപനം കഴിഞ്ഞ ദിവസം മതകാര്യ വകുപ്പ് പ്രഖ്യാപിച്ചിരുന്നു. ഇതേതുടര്‍ന്ന് പള്ളികളില്‍ ആരോഗ്യ സുരക്ഷ മുന്‍കരുതല്‍ നടപടികളും പൂര്‍ത്തിയാക്കിയിരുന്നു.
രാജ്യത്തെ 98800ലധികം പള്ളികളാണ് പ്രാര്‍ത്ഥനയ്ക്കായി തുറന്നത്. മുഴുവന്‍ പള്ളികളും അണുമുക്തമാക്കിയും ശുചീകരിച്ചുമാണ് തുറന്നത്. മദീനയിലെ മസ്ജിദുന്നബവിയും ഇതിലുള്‍പ്പെടും. നമസ്‌കരിക്കാനെത്തുന്നവരും പള്ളി ജീവനക്കാരും പാലിക്കേണ്ട ആരോഗ്യ സുരക്ഷ മുന്‍കരുതല്‍ നടപടികള്‍ കഴിഞ്ഞദിവസം മതകാര്യ വകുപ്പ് വ്യക്തമാക്കിയിരുന്നു.
ഇതേതുടര്‍ന്ന് മസ്ജിദുന്നബവിയടക്കം ഒരോ പള്ളികളിലും ആരോഗ്യ സുരക്ഷ മുന്‍കരുതല്‍ പാലിച്ചവരെയാണ് അകത്തേക്ക് കടത്തിവിട്ടത്. അതേസമയം, കുട്ടികള്‍ക്ക് പ്രവേശനം നല്‍കിയിട്ടില്ല. മസ്ജിദുന്നബവിയില്‍ നമസ്‌കരിക്കാനെത്തുന്നവരെ പരിശോധിക്കാന്‍ ആരോഗ്യ, റെഡ്ക്രസന്റ് ഉദ്യോഗസ്ഥന്‍മാര്‍ രംഗത്തുണ്ടായിരുന്നു. സ്വയം അണുമുക്തമാക്കല്‍ മെഷീനുകള്‍, തെര്‍മോ കാമറകളടക്കമുള്ള സംവിധാനങ്ങള്‍ കവാടങ്ങളില്‍ സ്ഥാപിച്ചിട്ടുണ്ട്.