ദുബായ്: ഗള്‍ഫില്‍ കൊവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്നു. കഴിഞ്ഞ ദിവസം പുതുതായി ആറായിരത്തിലേറെ പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ഗള്‍ഫില്‍ വൈറസ് ബാധിതരുടെ എണ്ണം ഒരു ലക്ഷത്തി പന്ത്രണ്ടായിരം കടന്നു. കഴിഞ്ഞ ദിവസം 32 പേരാണ് ഗള്‍ഫില്‍ വൈറസ് ബാധമൂലം മരിച്ചത്. ഇതോടെ മരണ സംഖ്യ 1004 ആയി ഉയര്‍ന്നു.
സൗദി അറേബ്യയിലാണ് ഏറ്റവും കൂടുതല്‍ മരണം കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തത്. 17 പേരാണ് ഇവിടെ മരിച്ചത്. ഇതോടെ രാജ്യത്തെ മരണ സംഖ്യ 458 ആയി ഉയര്‍ന്നു. കുവൈത്തില്‍ ഒമ്പത് പേരും യുഎഇയില്‍ രണ്ടും ഖത്തറില്‍ മൂന്നും ഒമാനില്‍ ഒരാളും ആണ് കഴിഞ്ഞ ദിവസം മരിച്ചത്.
അതേസമയം ഗള്‍ഫില്‍ മരണസംഖ്യ ആയിരം 1000 കടന്നതോടെ ഇളവുകള്‍ അനുവദിച്ച രാജ്യങ്ങള്‍ മുന്‍കരുതല്‍ നടപടികള്‍ ശക്തമാക്കാനുള്ള നീക്കത്തിലാണ്. ബഹ്‌റൈന്‍, ഒമാന്‍ ഉള്‍പ്പെടെ രോഗവ്യാപനം കുറഞ്ഞ രാജ്യങ്ങളിലും പുതിയ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ധനവ് രൂപപ്പെട്ടത് ആശങ്ക ഉയര്‍ത്തുന്നുണ്ട്. ഒമാനില്‍ 811ഉം ബഹ്‌റൈനില്‍ 360ഉം പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. 1992 പേര്‍ക്ക് രോഗം സ്ഥിരീകരിച്ച ഖത്തറില്‍ രോഗികളുടെ എണ്ണം അമ്പത്തി മൂവായിരത്തിലെത്തി. അതേസമയം ഗള്‍ഫില്‍ രോഗമുക്തി നേടിയവരുടെ എണ്ണം ഒരു ലക്ഷത്തി പതിനായിരം കടന്നു.