അബൂദബി: കൊറോണ വൈറസ് ബാധിച്ച് യുഎഇയില്‍ മൂന്ന് മലയാളികള്‍ കൂടി മരിച്ചു. ഷാനിദ് (32), അബ്ദൂല്‍കരീം (48), മൊയ്തുട്ടി (50) എന്നിവരാണ് മരിച്ചത്. ഷാനിദ്, അബ്ദുള്‍ കരീം എന്നിവര്‍ ദുബായിയിലും, മൊയ്തുട്ടി അബൂദാബിയിലുമാണ് മരിച്ചത്.
കണ്ണൂര്‍ തലശ്ശേരി കതിരൂര്‍ ആറാംമൈല്‍ സ്വദേശിയാണ് ഷാനിദ്. കൊറോണ ബാധിച്ച് ചികിത്സയില്‍ കഴിയുന്നതിനിടെയാണ് മരണം സംഭവിച്ചത്. മലപ്പുറം തിരൂര്‍ തൃക്കണ്ടിയൂര്‍ സ്വദേശിയാണ് കൊടാലില്‍ അബ്ദൂല്‍കരീം. കൊറോണ ബാധിച്ച് ഒരുമാസത്തോളമായി ദുബായി ഹോസ്പിറ്റലില്‍ ചികില്‍സയിലായിരുന്നു.
ദുബായിയിലെ സ്വകാര്യ കമ്പനി ജീവനക്കാരനാണ് അബ്ദുല്‍കരീം. ദുബായിയിലെ ടീം തിരൂരിന്റെയും, തിരൂര്‍ കൊരങ്ങത്ത് മഹല്ലിന്റെ ഭാരവാഹിയായിരുന്നു. ഭാര്യ: സലീന. മക്കള്‍: സഹല്‍, സുഹ ഫാത്തിമ, സിദ്‌റ. അബൂദബിയിലെ ഉം അല്‍ നാറിലെ അറബി വീട്ടില്‍ ഡ്രൈവറായിരുന്നു മരിച്ച മലപ്പുറം എടപ്പാള്‍ ഐലക്കാട് സ്വദേശി കുണ്ടുപറമ്പില്‍ മൊയ്തുട്ടി.
ആഴ്ചകളായി അബൂദബി ശൈഖ് ഷഖ്ബൂത്ത് മെഡിക്കല്‍ സിറ്റിയില്‍ ചികില്‍സയിലായിരുന്നു അദ്ദേഹം. കേരള സാംസ്‌കാരിക വേദിയുടെ സജീവ പ്രവര്‍ത്തകനായിരുന്നു.ഭാര്യ: റംല. മക്കള്‍: സഫ്വാന്‍, സുഹൈല്‍, സഹ്ല. മാതാവ്: ഐഷ. സഹോദരങ്ങള്‍: സെയ്താലി (അജ്മാന്‍), ബഷീര്‍, സുബൈര്‍, നബീസ, സഫിയ, ഫൗസിയ.
മൃതദേഹം ബനിയാസില്‍ ഖബറടക്കി. കേരള സാംസ്‌കാരിക വേദി ഭാരവാഹികളായ റഊഫ് നാലകത്ത്, ശറഫുദ്ദീന്‍ മുളയങ്കാവ് എന്നിവര്‍ സംസ്‌കാര ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. ഗള്‍ഫ് നാടുകളില്‍ കൊറോണ ബാധിച്ച് മരിക്കുന്ന മലയാളികളുടെ എണ്ണം കുതിച്ചുയരുകയാണ്.
Discussion about this post