കുവൈറ്റ് സിറ്റി: കുവൈറ്റില്‍ കോവിഡ് ബാധിച്ച് മലയാളി വീട്ടമ്മ മരിച്ചു. പത്തനംതിട്ട തിരുവല്ല ആമല്ലൂര്‍ മുണ്ടമറ്റം ഏബ്രഹാം കോശിയുടെ ഭാര്യ റിയ ഏബ്രഹാം (58) ആണ് മരിച്ചത്. കോവിഡ് ബാധിച്ച് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയാണ് മരണം സംഭവിച്ചത്.
കോവിഡ് പോസിറ്റീവ് ആയതിനെ തുടര്‍ന്ന് റിയ ജാബിര്‍ ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു. തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്നതിനിടെ ആരോഗ്യനില ഗുരുതരമാവുകയും മരണം സംഭവിക്കുകയുമായിരുന്നു. നേരത്തെ അധ്യാപികയായി ജോലി ചെയ്തിരുന്നു. മകള്‍: ദിവ്യ മേരി ഏബ്രഹാം.
ഗള്‍ഫ് രാജ്യങ്ങളില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളെല്ലാം ശക്തമാക്കുമ്പോഴും കോവിഡ് ബാധിതരുടെ എണ്ണവും മരണനിരക്കും കുതിച്ചുയരുകയാണ്. നിരവധി മലയാളികളാണ് ഇതിനോടകം പ്രവാസ ലോകത്ത് മരിച്ചുവീണത്. കുവൈറ്റില്‍ കഴിഞ്ഞദിവസം 845 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു.
ഇതോടെ രാജ്യത്തെ കോവിഡ് കേസുകളുടെ ആകെ എണ്ണം 24112 ആയി. പുതിയ രോഗികളില്‍ 208 പേര് ഇന്ത്യക്കാര്‍ ആണ്. ഇതോടെ കുവൈറ്റില്‍ കോവിഡ് സ്ഥിരീകരിച്ച ഇന്ത്യക്കാരുടെ എണ്ണം 7603 ആയി. 185 പേരാണ് ഇതിനോടകം രോഗം ബാധിച്ച് മരിച്ചത്.
Discussion about this post