ന്യൂഡൽഹി: ജൂൺ 13ന് അവസാനിക്കുന്ന വന്ദേഭാരത് മിഷൻ 2ാം ഘട്ടത്തിലൂടെ വിദേശത്തുള്ള ഒരു ലക്ഷം ഇന്ത്യക്കാരെ തിരിച്ചെത്തിക്കുമെന്ന് കേന്ദ്രസർക്കാർ. ഇക്കാര്യം വ്യക്തമാക്കി കേന്ദ്ര ആഭ്യന്തരമന്ത്രാലയമാണ് രംഗത്തെത്തിയിരിക്കുന്നത്. അതേസമയം, തിരിച്ചെത്താനായി ഇതുവരെ 3.08 ലക്ഷത്തോളം പ്രവാസികളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ശ്രീലങ്ക, മാലിദ്വീപ്, ഇറാൻ എന്നീ രാജ്യങ്ങളിൽ നിന്നും നാവിക സേന ഇന്ത്യക്കാരെ തിരിച്ചെത്തിക്കും. നേപ്പാൾ, ബംഗ്ലാദേശ് എന്നിവിടങ്ങിൽ നിന്നും 5000 പേർ ഈ ദിവസങ്ങളിൽ തിരിച്ചെത്തിക്കഴിഞ്ഞതായും മന്ത്രാലയം അറിയിച്ചു. ദൗത്യത്തിൽ പങ്കുചേരാൻ 141 വിമാനങ്ങൾ കൂടി സജ്ജീകരിക്കുമെന്ന് കഴിഞ്ഞയാഴ്ച കേന്ദ്രം വ്യക്തമാക്കിയിരുന്നു. പ്രവാസികളുടെ ആവശ്യം കൂടുന്നത് പരിഗണിച്ചാണ് കൂടുതൽ വിമാനസർവീസുകൾ ആരംഭിച്ചത്. ഏഷ്യൻ രാജ്യങ്ങളിലെ ഇന്ത്യക്കാരെ തിരിച്ചെത്തിക്കുന്നതിനാണ് ഈ വിമാനങ്ങൾ സർവീസ് നടത്തുക.
തിരിച്ചെത്തുന്നവർക്ക് അതത് സംസ്ഥാനത്ത് ക്വാറന്റീൻ സംവിധാനമുണ്ടെന്ന് ഉറപ്പുവരുത്തിയിട്ടുണ്ടെന്നും കേന്ദ്രം പറഞ്ഞിരുന്നു. മെയ് 16നാണ് വന്ദേഭാരത് ദൗത്യത്തിന്റെ രണ്ടാം ഘട്ടം ആരംഭിച്ചത്.
Discussion about this post