ദുബായ്: കൊവിഡ് വ്യാപനത്തെ തടയാനായി ഏർപ്പെടുത്തിയ ദുബായിയിലെ നിയന്ത്രണങ്ങളെല്ലാം നീക്കി. രാവിലെ ആറ് മണി മുതൽ രാത്രി 11 വരെയുണ്ടായിരുന്ന നിയന്ത്രണങ്ങൾ നീക്കി. ദുബായിയിലെ ബിസിനസ് പ്രവർത്തനങ്ങൾ മെയ് 27 ബുധനാഴ്ച മുതൽ പുനരാരംഭിക്കും. ദുബായ് കിരീടാവകാശി ശൈഖ് ഹംദാന്റെ അധ്യക്ഷതയിൽ ചേർന്ന ദുബായ് സുപ്രീം കമ്മറ്റി ഓഫ് ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റ് കമ്മറ്റി യോഗത്തിലാണ് തീരുമാനം.
രാത്രി 11 മണി മുതൽ രാവിലെ ആറ് മണി വരെയാണ് അണുനശീകരണ യജ്ഞത്തിനുള്ള പുതുക്കിയ സമയം. രണ്ട് മീറ്റർ ശാരീരിക അകലം, മാസ്‌ക് എന്നിവ നിർബന്ധമാക്കി. സാമൂഹിക അകലം പാലിച്ചും കർശനമായ അണുവിമുക്ത നടപടികൾ സ്വീകരിച്ചു കൊണ്ടും സിനിമാ ഹാളുകൾ ഉൾപ്പടെയുള്ളവ തുറക്കും. സ്‌പോർട്‌സ് അക്കാദമിക്‌സ്, ജിമ്മുകൾ, ഫിറ്റ്‌നസ്, ഹെൽത്ത് ക്ലബ്ബുകൾ എന്നിവ തുറക്കും. ചില്ലറ, മൊത്ത വ്യാപാര സ്ഥാപനങ്ങൾ, വിമാനത്താവളം, ക്ലിനിക്കുകൾ, അക്കാദമിക് കോച്ചിങ് സെന്ററുകൾ, ആമർ സെന്ററുകൾ ഉൾപ്പെട എല്ലാ സർക്കാർ സേവനങ്ങൾ എന്നിവയും ബുധനാഴ്ച മുതൽ പ്രവർത്തനം ആരംഭിക്കും.
12 വയസ്സിൽ താഴെയുള്ള കുട്ടികൾക്കും 60 വയസ്സിന് മുകളിൽ പ്രായമുള്ളവർക്കും ഗുരുതര ആരോഗ്യപ്രശ്‌നങ്ങൾ ഉള്ളവർക്കും ഷോപ്പിങ് സെന്ററുകൾ, സിനിമാ തീയ്യേറ്ററുകൾ, ജിമ്മുകൾ എന്നിവിടങ്ങളിൽ പ്രവേശനാനുമതി ഇല്ല. രാജ്യത്തേക്ക് എത്തുന്ന എല്ലാവരും നിർബന്ധമായും 14 ദിവസം ക്വാറന്റൈനിൽ കഴിയണം.