കുവൈറ്റ് സിറ്റി: കുവൈറ്റില്‍ കഴിഞ്ഞ ദിവസം പുതുതായി 838 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 260 പേര് ഇന്ത്യക്കാരാണ്. ഇതോടെ കുവൈറ്റില്‍ വൈറസ് ബാധ സ്ഥിരീകരിച്ച ഇന്ത്യക്കാരുടെ എണ്ണം 6818 ആയി ഉയര്‍ന്നു. ഇതുവരെ 21,302 പേര്‍ക്കാണ് കുവൈറ്റില്‍ രോഗം സ്ഥിരീകരിച്ചത്.
വൈറസ് ബാധമൂലം 156 പേരാണ് മരിച്ചത്. അതേസമയം കഴിഞ്ഞ ദിവസം 370 പേര് കൂടി രോഗ മുക്തി നേടിയതോടെ മൊത്തം രോഗ വിമുക്തമായവരുടെ എണ്ണം 6,117 ആയി ഉയര്‍ന്നു.
അതേസമയം വൈറസ് ബാധമൂലം ഒരു മലയാളി കൂടി മരിച്ചു. മുബാറക് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മലയാളി നഴ്സായ പത്തനംതിട്ട സ്വദേശി മലയാലപ്പുഴ ഏരം പുതുക്കുളത്തു വീട്ടില്‍ അന്നമ്മ ചാക്കോ (59) ആണ് കഴിഞ്ഞ ദിവസം മരിച്ചത്. അതേസമയം വൈറസ് ബാധിതരായ വിദേശികള്‍ക്ക് ഇനി മുതല്‍ ജാബിര്‍ ആശുപത്രിയില്‍ ചികിത്സ ലഭിക്കില്ലെന്നും അതീവ ഗുരുതരാവസ്ഥയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കേണ്ടവര്‍ക്ക് മാത്രമേ ചികിത്സ ലഭിക്കുകയുള്ളുവെന്നാണ് മുബാറക് അല്‍ കബീര്‍ ആരോഗ്യ മേഖല ഡയറക്ടര്‍ ഡോ. സൗദ് അല്‍ ദാരാ അറിയിച്ചത്. നിലവില്‍ നിരവധി വിദേശികള്‍ ജാബിര്‍ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Discussion about this post