സൗദിയില്‍ ബുധനാഴ്ച വരെ സമ്പൂര്‍ണ നിരോധനാജ്ഞ; എല്ലായിടത്തും കര്‍ശന നിരീക്ഷണം

ജിദ്ദ: പെരുന്നാള്‍ ദിനം കണക്കിലെടുത്ത് സൗദിയില്‍ ബുധനാഴ്ച വരെ സമ്പൂര്‍ണ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ആളുകള്‍ പുറത്തിറങ്ങാതിരിക്കാനും കൂട്ടം കൂടാതിരിക്കാനും ഏര്‍പ്പെടുത്തിയ സമ്പൂര്‍ണ കര്‍ഫ്യൂ വെള്ളിയാഴ്ച വൈകീട്ട് അഞ്ചിന് ആരംഭിച്ചു. ഈ മാസം 27 (ശവ്വാല്‍ 4) ബുധനാഴ്ച വരെ രാജ്യത്തുടനീളം സമ്പൂര്‍ണ നിരോധനാജ്ഞ ആയിരിക്കുമെന്ന് ആഭ്യന്തര മന്ത്രാലയ വക്താവ് കേണല്‍ ത്വലാല്‍ ശല്‍ഹൂബ് അറിയിച്ചു.

നിയമം പാലിക്കുന്നുണ്ടോയെന്ന് ഉറപ്പുവരുത്താന്‍ ജനവാസ കേന്ദ്രങ്ങളിലും ഇസ്തിറാഹകളിലും മറ്റ് പൊതുവിടങ്ങളിലും വ്യാപകമായ നിരീക്ഷണമുണ്ടായിരിക്കും. ഗ്രാമങ്ങളും ഉള്‍പ്രദേശങ്ങളും നിരീക്ഷണത്തിലുള്‍പ്പെടും. നിയമലംഘകര്‍ക്കെതിരെ ശക്തമായ ശിക്ഷാനടപടികളുണ്ടാകും. കോവിഡ് വ്യാപനം തടയുന്നതിന് നിശ്ചയിട്ടുള്ള ആരോഗ്യ സുരക്ഷ നിബന്ധനകളും മാര്‍ഗ നിര്‍ദേശങ്ങളും എല്ലാവരും കര്‍ശനമായും പാലിക്കണം. സമൂഹ അകലം പാലിക്കാനും കൂടിച്ചേരലുകള്‍ ഒഴിവാക്കാനുമുള്ള നിയമങ്ങള്‍ പാലിക്കുന്നതില്‍ ആരും അലംഭാവം കാണിക്കരുതെന്നും മന്ത്രാലയ വക്താവ് ആവശ്യപ്പെട്ടു.

കര്‍ഫ്യു സമയത്ത് വാണിജ്യ മേഖലയിലെ 20 ഇനം സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തിക്കാമെന്ന് വാണിജ്യ മന്ത്രാലയ വക്താവ് അബ്ദുറഹ്മാന്‍ അല്‍ഹുസൈന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ഫാക്ടറികള്‍, ലാബോറട്ടറികള്‍, ഹൈപ്പര്‍മാര്‍ക്കറ്റുകള്‍, റെസ്‌റ്റോറന്റുകള്‍, പെട്രോള്‍ സ്‌റ്റേഷനുകള്‍, ഗ്യാസ് സ്‌റ്റേഷനുകള്‍, പമ്പുകളിലെ കാര്‍ വര്‍ക്ക്‌ഷോപ്പുകള്‍ എന്നിവ ഇതിലുള്‍പ്പെടും. ഇതിന് പുറമെ പച്ചക്കറി, പഴം, മാംസം, ഭക്ഷ്യവസ്തുക്കള്‍ എന്നിവ വില്‍പന നടത്തുന്ന കടകള്‍, ഗോഡൗണുകള്‍, ഫാര്‍മസികള്‍, സ്വകാര്യ ആശുപ്രതികള്‍, ക്ലിനിക്കുകള്‍ എന്നിവക്കും പ്രവര്‍ത്തിക്കാം. ഗ്യാസ് കടകള്‍, വീട് മെയിന്റനന്‍സ്, പ്ലമ്ബിങ്, ഇലക്ട്രിക്കല്‍ വര്‍ക്ക്, എയര്‍കണ്ടീഷനിങ് റിപ്പയറിങ് എന്നീ സേവനങ്ങള്‍ നല്‍കുന്ന കടകള്‍ക്കും പ്രവര്‍ത്തിക്കാം.

റെസ്‌റ്റോറന്റുകള്‍ക്ക് രാവിലെ ആറ് മുതല്‍ രാത്രി 10 വരെ പ്രവര്‍ത്തിക്കാം. എന്നാല്‍ റെസ്‌റ്റോറന്റിനകത്ത് വെച്ച് ഭക്ഷണം കഴിക്കാന്‍ അനുവദിക്കില്ല. പാര്‍സലുകളും ഹോം ഡെലിവറി ആപ്ലിക്കേഷന്‍ വഴിയുള്ള ഭക്ഷണവിതരണവും മാത്രമേ അനുവദിക്കുകയുള്ളൂ.

അഞ്ചോ, അതില്‍ കൂടുതലോ ആളുകള്‍ ഒത്തുചേരല്‍ ശിക്ഷാര്‍ഹമാണ്. അത് പൂര്‍ണമായും തടയും. സമൂഹ അകലപാലനം, കൂടിച്ചേരല്‍ ഒഴിവാക്കുക എന്നിവ സംബന്ധിച്ച് റമദാന്‍ 14ന് ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച വിജ്ഞാപനം നിലനില്‍ക്കുകയാണെന്നും മന്ത്രാലയ വക്താവ് പറഞ്ഞു.

Exit mobile version