അബുദാബി: എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ നടത്താന്‍ യുഎഇയില്‍ അനുമതി നല്കി. ദുബായ്, അബുദാബി എന്നിവിടങ്ങളിലാണ് പരീക്ഷ നടത്താന്‍ അനുമതി നല്‍കിയിരിക്കുന്നത്. മെയ് 26 മുതല്‍ 30 വരെയാണ് പരീക്ഷകള്‍ നടത്തുന്നത്. സംസ്ഥാനത്തിലെ അതേ ടൈംടേബിള്‍ പ്രകാരമാണ് പരീക്ഷകള്‍ നടത്തുന്നത്. എല്ലാ സുരക്ഷാ ക്രമീകരണങ്ങളും പാലിക്കണമെന്ന് വിവിധ സ്കൂളുകള്‍ക്ക് യുഎഇ ആരോഗ്യ, വിദ്യാഭ്യാസ മന്ത്രാലയങ്ങള്‍ നിര്‍ദ്ദേശം നല്കി.
യുഎഇയില്‍ പരീക്ഷകള്‍ക്ക് മുന്നോടിയായി നല്‍കിയിരിക്കുന്ന നിര്‍ദേശങ്ങള്‍ ഇങ്ങനെ;
പരീക്ഷകള്‍ നടത്തുന്നതിന് ഒരാഴ്ച മുമ്പെങ്കിലും പരീക്ഷാ കേന്ദ്രം, വിദ്യാര്‍ത്ഥികളുടെ എണ്ണം, ജീവനക്കാരുടെ എണ്ണം, മുന്‍കരുതല്‍ നടപടികള്‍ എന്നിവ വ്യക്തമാക്കി സ്കൂളുകള്‍ ബന്ധപ്പെട്ട അധികൃതരില്‍ നിന്ന് അനുമതി വാങ്ങണം. സ്കൂള്‍ വാഹനങ്ങളില്‍ വിദ്യാര്‍ത്ഥികളെ കൊണ്ടുവരാന്‍ അനുവദിക്കില്ലെന്ന് അധികൃതര്‍ അറിയിച്ചു.
സ്വകാര്യ വാഹനങ്ങളില്‍ മാത്രമെ വിദ്യാര്‍ത്ഥികള്‍ പരീക്ഷയ്ക്ക് എത്താവൂ. പരീക്ഷാ കേന്ദ്രങ്ങള്‍ പൂര്‍ണമായും അണുവിമുക്തമാക്കുകയും വേണം. പരീക്ഷാ കേന്ദ്രങ്ങളിലെത്തുന്ന വിദ്യാര്‍ത്ഥികളെ നിരീക്ഷിക്കുന്നതിനായി മെഡിക്കല്‍ സ്റ്റാഫ് ഉണ്ടായിരിക്കണം, വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍, ജീവനക്കാര്‍ എന്നിവരുടെ ശരീരോഷ്മാവ് അളക്കാനായി സ്കൂള്‍ കവാടത്തില്‍ തന്നെ സംവിധാനം ഏര്‍പ്പെടുത്തണം, സ്കൂള്‍ ടോയ്ലറ്റുകള് ഓരോ തവണ ഉപയോഗിച്ചതിന് ശേഷവും അണുവിമുക്തമാക്കണം.
Discussion about this post