സൗദിയില്‍ പാചകക്കാരനായിരുന്ന പ്രവാസി മലയാളി താമസസ്ഥലത്ത് കുഴഞ്ഞ് വീണ് മരിച്ചു

റിയാദ്: പ്രവാസി മലയാളി സൗദി അറേബ്യയിലെ താമസസ്ഥലത്ത് കുഴഞ്ഞ് വീണ് മരിച്ചു. ഖസിം പ്രവിശ്യയിലെ ഉനൈസയില്‍ മലപ്പുറം പാലപ്പെട്ടി കുന്നത്തുവളപ്പില്‍ മുഹമ്മദ്, ഫാത്തിമ ദമ്പതികളുടെ മകന്‍ ഇക്ബാല്‍ കോര്‍മത്ത് (38) ആണ് മരിച്ചത്.

തുര്‍ക്കിഷ് ഹോട്ടലില്‍ പാചകക്കാരനായിരുന്നു ഇക്ബാല്‍. ഉനൈസയിലെ ഫാക്രിയ എന്ന സ്ഥലത്താണ് ഇദ്ദേഹം താമസിച്ചിരുന്നത്. കൊറോണയുടെ പശ്ചാത്തലത്തില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് ഇക്ബാല്‍ ജോലിചെയ്തിരുന്ന ഹോട്ടല്‍ രണ്ടു മാസമായി അടച്ചിരിക്കുകയാണ്.

ജോലിയില്ലാതെ താമസസ്ഥലത്ത് കഴിയുകയായിരുന്നു ഇക്ബാല്‍. അതിനിടെ കഴിഞ്ഞ ദിവസം രാവിലെ ഛര്‍ദ്ദി ഉണ്ടാവുകയും ഇക്ബാലിന് വൈകിട്ടോടെ കൂടുതല്‍ ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെടുകയും ചെയ്തു. പിന്നീട് ശ്വാസതടസം ഉണ്ടായതോടെ വിവരം സുഹൃത്തുക്കളെ അറിയിക്കുകയായിരുന്നു.

തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. മൃതദേഹം ബുറൈദ സെന്‍ട്രല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. നിയമ നടപടികള്‍ പൂര്‍ത്തിയാക്കുന്നതിനുവേണ്ടി ഉനൈസ കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികള്‍ രംഗത്തുണ്ട്.

12 വര്‍ഷമായി പ്രവാസിയാണ് ഇക്ബാല്‍. ആറുമാസം മുമ്പാണ് അദ്ദേഹം അവസാനമായി നാട്ടില്‍ പോയി വന്നത്. ഭാര്യ: സഫീന. സഹോദരന്മാരായ അലി കോര്‍മത്ത്, ഷംസു, കബീര്‍ എന്നിവര്‍ ബുറൈദയില്‍ ഉണ്ട്. മൂന്നു സഹോദരിമാരും മറ്റൊരു സഹോദരനും നാട്ടിലാണ്. ഉമ്മയുടെ സഹോദര പുത്രന്മാരായ ഹംസ, ഹുസൈന്‍ എന്നിവര്‍ ഇദ്ദേഹത്തോടൊപ്പം ഉനൈസയിലെ ഹോട്ടലില്‍ ജോലി ചെയ്യുന്നുണ്ട്.

Exit mobile version