ദുബായി: കൊറോണയുടെ പശ്ചാത്തലത്തില്‍ കടുത്ത പ്രതിസന്ധിയിലായ ഗള്‍ഫ് രാജ്യങ്ങള്‍ ഇതില്‍ നിന്നെല്ലാം ഉടന്‍ തന്നെ തിരിച്ചുവരുമെന്ന് പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എംഎ യൂസഫലി. സൂമിലൂടെ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൊറോണയെ തുടര്‍ന്ന് ഗള്‍ഫ് രാജ്യങ്ങള്‍ പ്രതിസന്ധിയിലായതോടെ മലയാളികള്‍ ഉള്‍പ്പടേയുള്ള നിരവധി പ്രവാസികള്‍ തൊഴില്‍ നഷ്ടമാവുമെന്ന ആശങ്കയിലായി. അനേകം പേര്‍ക്ക് ഇതിനോടകം തന്നെ തൊഴില്‍ നഷ്ടമായിട്ടുമുണ്ട്. സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ ഭരണംകൂടം കടുത്ത നടപടികള്‍ സ്വീകരിക്കുന്നതും പ്രതിസന്ധി വര്‍ധിപ്പിക്കുന്നു.
ഇതില്‍ പ്രതികരിക്കുകയായിരുന്നു യൂസഫലി. ഗള്‍ഫിലുണ്ടായ പ്രതിസന്ധി താല്‍ക്കാലികം മാത്രമാണെ അദ്ദേഹം പറഞ്ഞു. എല്ലാ മേഖലയിലും കനത്ത പ്രതിസന്ധിയാണ് ഉള്ളത്. ലുലു അടക്കമുള്ള റിട്ടെയില്‍ വ്യാപാരികള്‍ പ്രയാസങ്ങള്‍ നേരിടുന്നുണ്ട്. എന്നാല്‍ ഈ പ്രതിസന്ധിയില്‍ നിന്നെല്ലാം ഗള്‍ഫ് ശക്തമായി തിരിച്ചു വരുമെന്ന്
എംഎ യൂസഫലി വ്യക്തമാക്കുന്നു.
കുവൈത്ത് യുദ്ധാനന്തരം ഗള്‍ഫില്‍ എണ്ണയുടെ വില കുത്തനെ ഉയര്‍ന്നപ്പോഴും പിന്നീട് ആഗോള സാമ്പത്തിക മാന്ദ്യകാലത്തും ജനങ്ങള്‍ വലിയ ഭീതിയിലായിരുന്നു. അന്ന് ജോലി നഷ്ടപ്പെട്ട പലരും നാട്ടിലേക്ക് മടങ്ങി. എന്നാല്‍ ഈ പ്രതിസന്ധികളില്‍ നിന്നെല്ലാം ഗള്‍ഫ് ശക്തമായി തിരിച്ചു വരുന്നതാണ് നാം കണ്ടത്.
അന്ന് നാട്ടിലേക്ക് മടങ്ങിയ ലക്ഷണക്കിന് ആളുകള്‍ ഗള്‍ഫിലേക്ക് വീണ്ടും തിരിച്ചെത്തി. അതുപോലെ ഈ ബുദ്ധിമുട്ടുകളെല്ലാം മറികടന്ന് നല്ലൊരു നാളെയുണ്ടാകുമെന്ന് ഉറച്ചു വിശ്വസിക്കുകയാണ്. വൈറസ് വ്യാപനത്തിന് പ്രതിവിധി കണ്ടുപിടിക്കുന്നത് വരെ മനുഷ്യര്‍ സുരക്ഷിതരല്ലെന്ന് വേണം കരുതാനെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇത്തരം പ്രതിസന്ധികളിലൂടെ ജീവിക്കാന്‍ നാം പഠിക്കേണ്ടിയിരിക്കുന്നു. വിദേശങ്ങളില്‍ നിന്ന് ജോലി നഷ്ടപ്പെട്ട് വരുന്നവര്‍ക്ക് ഉപജീവനമാര്‍ഗം കണ്ടെത്തുക എന്നതടക്കമുള്ള വിഷയങ്ങള്‍ മാധ്യമങ്ങളുള്‍പ്പെടെയുള്ളവര്‍ ചര്‍ച്ചകള്‍ക്ക് വിധേയമാക്കണമെന്നും യൂസഫലി പറഞ്ഞു.
ജോലി നഷ്ടപ്പെട്ട് മടങ്ങിപ്പോകുന്നവരുടെ ഭാവിയെകുറിച്ച് ആശങ്കയുണ്ട്. പല കമ്പനികളും ശമ്പളം 50 ശതമാനം വരെ വെട്ടിക്കുറച്ചു. ശമ്പളവും ജോലിയുമില്ലാതെ വീട്ടിലിരിക്കേണ്ടി വരുന്നവരും ഏറെയാണ്. 80 ശതമാനം പ്രവാസികള്‍ കേരളത്തിലേക്ക് മടങ്ങിയെത്തുമെന്നാണ് കരുതുന്നത്. ഇന്ത്യയില്‍ ലോക്ക് ഡൗണ്‍ നീണ്ടു പോയാല്‍ ഇതിലും വലിയ പ്രയാസമായിരിക്കും പലരും അനുഭവിക്കേണ്ടി വരികയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.