ദിസ്പുർ: കേരളത്തിൽ നിന്നുള്ള പ്രവാസി ദമ്പതികളുടെ നാലു വയസ്സുകാരനായ കുഞ്ഞിന്റെ മൃതദേഹം നാട്ടിലെത്തിക്കാൻ എല്ലാ സഹായങ്ങളും ചെയ്തത് അപരിചിതനായ ആസാമിൽ നിന്നുള്ള ഡോക്ടർ. 12 ദിവസമായി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന വൈഷ്ണവ് കൃഷ്ണദാസിന്റെ മൃതദേഹം നാട്ടിലെത്തിക്കാനാണ് ഡോക്ടർ ഭാസ്‌കർ പപുകോൺ ഗൊഗോയ് സഹായഹസ്തം നീട്ടിയത്. എൻഡിടിവിയാണ് മലയാളികളെ സഹായിച്ച ആസാം ഡോക്ടറെ കുറിച്ചുള്ള വാർത്ത നൽകിയത്.
‘ഞങ്ങൾ ആകെ ഒരു ഞെട്ടലിലായിരുന്നു. എന്താണ് ചുറ്റിലും സംഭവിക്കുന്നതെന്ന് പോലും അറിഞ്ഞിരുന്നില്ല. രക്താർബുദം സ്ഥിരീകരിച്ച് 15 ദിസവത്തിനുള്ളിലാണ് ഞങ്ങൾക്ക് മകനെ നഷ്ടപ്പെടുന്നത്. എല്ലാവിധ മതാചാരങ്ങളോടും കൂടി മകന്റെ സംസാകരം നടത്തണമെന്നതായിരുന്നു ഞങ്ങളുടെ ആഗ്രഹം. വിമാനത്തിൽ യാത്രയ്ക്കായി ഞങ്ങൾ ശ്രമിച്ചു. പക്ഷെ അടിയന്തിരമായി നാട്ടിലെത്തേണ്ട രോഗികളും ഗർഭിണികളുമെല്ലാം ഉള്ളതിനാൽ ഞങ്ങൾക്ക് ഫ്‌ളൈറ്റ് കിട്ടിയില്ല.’ മരിച്ച വൈഷ്ണവിന്റെ അച്ഛൻ കൃഷ്ണദാസ് എൻഡിടിവിയോട് പ്രതികരിച്ചതിങ്ങനെ.
മേയ് എട്ടിനാണ് നാലു വയസ്സുകാരനായ വൈഷ്ണവ് രക്താർബുദം വന്ന് മരിക്കുന്നത്. രോഗം സ്ഥിരീകരിച്ച് വെറും 15 ദിവസം മാത്രമേ ആകുന്നുണ്ടായിരുന്നുള്ളൂ. പക്ഷെ കുട്ടി മരിച്ചു കഴിഞ്ഞുള്ള 12 ദിവസവും മകന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ഓട്ടത്തിലായിരുന്നു മാതാപിതാക്കളായ കൃഷ്ണദാസും ദിവ്യയും. പാലക്കാട് സ്വദേശികളായ ഇരുവരും ഏഴ് വർഷം മുമ്പാണ് ഷാർജയിലേക്ക് പോകുന്നത്. അവിടെ വാട്ടർ അതോറിറ്റിയിൽ ഉദ്യോഗസ്ഥനായിരുന്നു കൃഷ്ണദാസ്.
കുഞ്ഞിന്റെ മൃതദേഹം നാട്ടിലെത്തിക്കാനായി പരക്കം പായുന്ന ദമ്പതിമാരെ കുറിച്ച് സാമൂഹിക മാധ്യമങ്ങളിലൂടെയാണ് ആസാമിൽ ഡോക്ടറായ ഭാസ്‌കർ പപുകോൺ ഗൊഗോയ് അറിയുന്നത്. അദ്ദേഹം പിന്നീട് വിദേശ കാര്യമന്ത്രിയെ വിവരം ധരിപ്പിച്ചതിന്റെ ഫലമായാണ് കാര്യങ്ങൾ എളുപ്പമാവുന്നത്. ആ ദിവസങ്ങളത്രയും കുഞ്ഞു വൈഷ്ണവിന്റെ മൃതദേഹം അൽ ഐനിലെ അൽതവാം ആശുപത്രിയിലായിരുന്നു.
ഇതിനിടെയാണ് ആസാമിലെ ദിബ്രുഘഡിൽനിന്ന് ഈ ദമ്പതിമാരെ തേടി ഭാസ്‌കർ പപുകോൺ ഗൊഗോയ് ഡോക്ഠറുടെ ഫോൺ വിളിയെത്തുന്നത്. ‘സാമൂഹിക മാധ്യമങ്ങൾ വഴി പ്രചരിച്ച അവരുടെ സങ്കടവാർത്ത കേട്ട് എങ്ങനെയെങ്കിലും അവരെ സഹായിക്കണമെന്ന തോന്നലുണ്ടായി. യുഎഇയിയിലെ മാധ്യമത്തിലും ഈ വാർത്ത വന്നിരുന്നു. റിപ്പോർട്ടറെ വിളിച്ച് നമ്പർ തരപ്പെടുത്തി കുടുംബംഗങ്ങളുമായി ഞാൻ സംസാരിച്ചു. എന്നിട്ടുടനെ തന്നെ വിദേശകാര്യമന്ത്രി ഡോ. എസ് ജയശങ്കറുമായി ബന്ധപ്പെട്ടു. മെയ് 13നാണ് ഞാനദ്ദേഹത്തെ വിളിക്കുന്നത്. മന്ത്രി വളരെ വേഗം തന്നെ വിഷയത്തിൽ ഇടപെട്ടു. അടുത്ത ദിവസം തന്നെ വേണ്ട നടപടികളെടുത്തു.’ ഗൊഗോയ് പറയുന്നു. അങ്ങനെ മെയ് 16നാണ് കുടുംബം കൊച്ചിയിലേക്ക് തിരിക്കുന്നത്. ടിക്കറ്റ് സർക്കാർ ആയിരുന്നു എടുത്തു നൽകിയതും.
അതേസമയം, ഗൊഗോയ് ഇത്തരത്തിൽ വിഷയത്തിൽ ഇടപെട്ട് മന്ത്രിയെ വിവരമറിയിച്ചില്ലായിരുന്നെങ്കിൽ തങ്ങൾ നാട്ടിലെത്തിച്ചേരില്ലായിരുന്നുവെന്ന് കൃഷ്ണദാസ് എൻഡിടിവിയോട് പറഞ്ഞു.
Discussion about this post