ദുബായ്: പ്രളയക്കെടുതിയില്‍ നശിച്ച കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിന് പ്രവാസികളുടെ സഹായം തേടാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഈമാസം 17ന് യുഎഇ സന്ദര്‍ശിക്കും. മൂന്നുദിവസം അബുദാബി, ദുബായ്, ഷാര്‍ജ എന്നിവിടങ്ങളിലായി നടക്കുന്ന പരിപാടികളില്‍ അദ്ദേഹം പങ്കെടുക്കും.
കേരളത്തിലെ ഭൂരിഭാഗം മന്ത്രിമാരും ഈ മാസം 18 മുതല്‍ 21 വരെയുള്ള ദിവസങ്ങളിലായി വിവിധ രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നുണ്ട്. ലോകത്ത് ഏറ്റവുമധികം പ്രവാസി മലയാളികളുള്ള രാജ്യം എന്ന നിലയിലാണ് യുഎഇയിലേക്ക് മുഖ്യമന്ത്രി തന്നെ പോകുന്നത്. മുഖ്യമന്ത്രിയോടൊപ്പം പ്രിന്‍സിപ്പല്‍ സെക്രട്ടറി ഇളങ്കോവന്‍, മാധ്യമ ഉപദേഷ്ടാവ് ജോണ്‍ ബ്രിട്ടാസ് എന്നിവരും ഉണ്ടാകും.
മൂന്നുദിവസവും രാവിലെ മൂന്ന് എമിറേറ്റിലും വ്യവസായവാണിജ്യ രംഗങ്ങളിലെ പ്രമുഖരുമായുള്ള കൂടിക്കാഴ്ച നിശ്ചയിച്ചിട്ടുണ്ട്. ഒപ്പം വൈകീട്ട് പ്രവാസി മലയാളികളോട് മുഖ്യമന്ത്രി സംസാരിക്കുകയും ചെയ്യും. 17ന് അബുദാബിയിലെത്തുന്ന പിണറായി 18ന് അവിടത്തെ പരിപാടികളില്‍ സംസാരിക്കും. അന്ന് വൈകീട്ട് ഇന്ത്യാ സോഷ്യല്‍ സെന്ററിലാണ് മുഖ്യമന്ത്രിയുടെ പൊതുപരിപാടി. 19ന് ദുബായിയിലായിരിക്കും പിണറായിയുടെ പരിപാടികള്‍. വൈകീട്ട് അല്‍ നാസര്‍ ലഷര്‍ ലാന്‍ഡില്‍വെച്ച് മലയാളികളെ അഭിസംബോധന ചെയ്യുന്ന പരിപാടി സംഘടിപ്പിക്കാനാണ് ഇപ്പോഴത്തെ ആലോചന. ഇതുസംബന്ധിച്ച ആലോചനായോഗം വെള്ളിയാഴ്ച വൈകീട്ട് ദുബായില്‍ നടന്നിട്ടുണ്ട്. 20ന് ഷാര്‍ജയിലും മുഖ്യമന്ത്രി പരിപാടികളില്‍ പങ്കെടുക്കും.
ബിസിനസ് രംഗത്തെ പ്രമുഖരുമായുള്ള ആലോചനയോഗങ്ങള്‍ നടത്തുന്നത് യുഎഇയില്‍ നോര്‍ക്ക വൈസ് ചെയര്‍മാന്‍ എംഎ യൂസഫലിയുടെ നേതൃത്വത്തിലാണ്. കേരളത്തിനായുള്ള സഹായം സ്വരൂപിക്കുന്നതിനൊപ്പം നവകേരള നിര്‍മ്മാണത്തിന് ആവശ്യമായ അഭിപ്രായങ്ങള്‍ തേടുന്നതും യാത്രയുടെ ലക്ഷ്യമായിരിക്കും.
Discussion about this post