ദുബായ്: ലോകത്തിന് തന്നെ പ്രതീക്ഷ പകർന്ന് യുഎഇയിൽ നാല് മാസം പ്രായമുള്ള കുഞ്ഞ് കൊവിഡ് 19 രോഗത്തെ പൊരുതി തോൽപ്പിച്ചു. ദുബായിലെ അൽ സഹ്റ ആശുപത്രിയിൽ ചികിത്സയിലായിരുന്ന വിദേശികളായ ഈജിപ്ഷ്യൻ ദമ്പതികളുടെ മകളാണ് രോഗം ഭേദമായതിനെ തുടർന്ന് ആശുപത്രി വിട്ടത്.
കുഞ്ഞിനെ രോഗ ലക്ഷണങ്ങളോടെ ഏപ്രിൽ അവസാനം ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഒടുവിൽ കഴിഞ്ഞദിവസം കുഞ്ഞിന്റെ മൂന്ന് സാമ്പിളുകളും നെഗറ്റീവായതിനെ തുടർന്ന് ഡിസ്ചാർജ് ചെയ്യുകയായിരുന്നു. ഈജിപ്ഷ്യൻ ദമ്പതികളുടെ മകനായ 15 വയസുകാരന് കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് കുഞ്ഞിനെയും പരിശോധിച്ചത്. ചെറിയ പനിയും ചുമയുമുണ്ടായിരുന്നു. ചെറിയ രോഗ ലക്ഷണങ്ങൾ മാത്രമാണ് കുഞ്ഞിനുണ്ടായിരുന്നതെന്നും ആശുപത്രിയിൽ ചികിത്സയിലിരുന്ന കാലയളവിൽ ആരോഗ്യനില എപ്പോഴും തൃപ്തികരമായിരുന്നെന്നും ആശുപത്രി അധികൃതർ പറഞ്ഞു.
കുട്ടിയുടെ സഹോദരനും സമാനമായ രോഗലക്ഷണങ്ങളായിരുന്നു പ്രകടിപ്പിച്ചത്. അച്ഛന്റെയും അമ്മയുടെയും പരിശോധനാഫലം നെഗറ്റീവായിരുന്നെങ്കിലും നാല് വയസുകാരിക്ക് രോഗം സ്ഥിരീകരിക്കുകയായിരുന്നു.
കുഞ്ഞിന് രോഗം സ്ഥിരീകരിച്ചതറിഞ്ഞപ്പോൾ തങ്ങൾ പരിഭ്രാന്തരായതായി മാതാപിതാക്കൾ പറഞ്ഞു. അമ്മയെയും കുഞ്ഞിനെയും ആശുപത്രിയിൽ ഐസൊലേഷനിലാക്കുകയായിരുന്നു.
Discussion about this post