റിയാദ്: സൗദി അറേബ്യയില്‍ കൊറോണ വൈറസ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. കൊല്ലം അഞ്ചല്‍ സ്വദേശി ഇടമുളക്കല്‍ ആതിര ഭവനില്‍ മധുസൂദനന്‍പിള്ള (61)യാണ് മരിച്ചത്. കൊറോണ സ്ഥിരീകരിച്ചതോടെ ചികിത്സയില്‍ കഴിയവെയാണ് മരണം സംഭവിച്ചത്.
രണ്ടാഴ്ച മുമ്പാണ് ഇദ്ദേഹത്തിന് കൊറോണ സ്ഥിരീകരിച്ചത്. തുടര്‍ന്ന് സുവൈദിയിലെ അല്‍ഹമ്മാദി ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിലായിരുന്നു. ചികിത്സയില്‍ കഴിയവെ കഴിഞ്ഞദിവസം മരണം സംഭവിക്കുകയായിരുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷമായി സൗദിയില്‍ സ്വകാര്യ കമ്പനിയില്‍ ഡ്രൈവേഴ്സ് ട്രെയിനര്‍ ആയി ജോലി ചെയ്യുകയായിരുന്നു.
കൊറോണ വൈറസ് ബാധിച്ച് സൗദിയില്‍ ഇതിനോടകം നിരവധി മലയാളികളാണ് മരിച്ചത്. ആകെ കൊറോണ ബാധിതരുടെ എണ്ണം അരലക്ഷം കടന്നതായാണ് റിപ്പോര്‍ട്ട്. ശനിയാഴ്ചത്തോടെ സൗദിയിലെ ആകെ കൊറോണ കേസുകള്‍ 52,016 ആയി. ഇതില്‍ പതിനായിരത്തിലേറെ കേസുകള്‍ മക്കയിലാണ്.
റിയാദില്‍ 9,688, ജിദ്ദയില്‍ 8,928 മദീനയില്‍ ഏഴായിരം എന്നിങ്ങിനെയാണ് ഇതുവരെ സ്ഥിരീകരിച്ച രോഗസംഖ്യ. കഴിഞ്ഞദിവസം പത്ത് പേര്‍കൂടി മരിച്ചതോടെ മരണ സംഖ്യ മുന്നൂറ് പിന്നിട്ടു.
Discussion about this post