ന്യൂഡൽഹി: രാജ്യത്തേക്ക് വിദേശത്ത് നിന്നും തിരിച്ച് എത്തിക്കുന്ന പ്രവാസികൾക്ക് ഏഴ് ദിവസത്തെ ക്വാറന്റൈൻ മതിയെന്ന സംസ്ഥാനത്തിന്റെ ആവശ്യം തള്ളി കേന്ദ്ര സർക്കാർ. വിദേശത്ത് നിന്നും തിരിച്ചെത്തുന്നവർക്ക് 14 ദിവസത്തെ നിരീക്ഷണം നിർബന്ധമാണെന്ന് കേന്ദ്രം അറിയിച്ചു.
ഇത് സംബന്ധിച്ച സത്യവാങ്മൂലം കേന്ദ്രം സമർപ്പിച്ചു. കേരളത്തിന്റെ ആവശ്യം വിദഗ്ദ സമിതിയാണ് പരിഗണിച്ചത്. എന്നാൽ മാനദണ്ഡങ്ങളിൽ മാറ്റം വരുത്താൻ സാധിക്കില്ലെന്നാണ് കേന്ദ്രത്തിന്റെ നിലപാട്. പ്രവാസികൾ 14 ദിവസത്തെ ക്വാറന്റൈനിൽ തുടരണമെന്ന് കേന്ദ്രം വ്യക്തമാക്കി.
കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി പ്രവാസികളെ സർക്കാർ കേന്ദ്രത്തിൽ ഏഴുദിവസം മാത്രം നിരക്ഷിക്കാൻ അനുവദിക്കണമെന്ന കേരളത്തിന്റെ ആവശ്യത്തിൽ കേന്ദ്ര സർക്കാർ ഉടൻ തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.
ദിവസത്തിന്റെ കാര്യത്തിലെ ആശയക്കുഴപ്പം അടിയന്തരമായി പരിഹരിക്കണമെന്നും നിലവിൽ എത്തിയവരുടെ 7 ദിവസത്തെ നിരീക്ഷണം കഴിയും മുമ്പെങ്കിലും ഇക്കാര്യത്തിൽ തീരുമാനമുണ്ടാക്കണമെന്നും കോടതി ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് കേന്ദ്രം സത്യവാങ്മൂലം സമർപ്പിച്ചത്.
Discussion about this post