ടെൽഅവീവ്: വിസാ കാലാവധി കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങാനാകാതെ മലയാളി നഴ്സുമാർ ഇസ്രായേലിൽ ദുരിതത്തിൽ. 82 മലയാളി നഴ്സുമാരാണ് ദുരിതത്തിലായിരിക്കുന്നത്. ഇവരിൽ നാലുപേർ ഗർഭിണികളാണ്. നാട്ടിലെത്തിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും കേന്ദ്രസർക്കാർ നടപടിയെടുത്തില്ലെന്ന് നഴ്സുമാർ ആരോപിക്കുന്നു.
‘അഞ്ച് മാസം ഗർഭിണിയായ യുവതിയാണ് ഞാൻ. കഴിഞ്ഞ രണ്ട് മാസമായി എനിക്ക് ജോലിയില്ല. രണ്ടര മാസത്തോളമായി മുറിയിൽ ഇരിക്കുകയാണ്. എനിക്ക് മെഡിക്കൽ ചെക്കപ്പിന് ഇൻഷൂറൻസ് ഒന്നും ഇല്ല. ഇൻഷൂറൻസിനായി ഞാൻ ഏജൻസിയിൽ ചെന്നപ്പോൾ പറഞ്ഞത് റിസൈൻ ചെയ്ത് പോകുന്നത് കൊണ്ട് ഇൻഷൂറൻസ് തരാൻ പറ്റില്ലെന്നാണ്. അതുകൊണ്ട് തന്നെ പ്രൈവറ്റ് ആയിട്ടാണ് കാണിക്കുന്നത്. വലിയ തുകയാണ് അതിനായി ചെലവായത്. ഇതിനൊപ്പം മുറിയുടെ വാടകയും ഭക്ഷണത്തിന്റെ ചിലവുമെല്ലാം നടത്താൻ കഴിയാത്ത അവസ്ഥയിലാണ്.
എന്നെപ്പോലെ തന്നെ വിസാ കാലാവധി കഴിഞ്ഞതിനെ തുടർന്ന് ജോലി രാജി വെച്ച് റൂമിലിരിക്കുന്ന ഒരുപാട് പേരുണ്ട്. അവർക്കൊന്നും താമസ സൗകര്യമോ ഭക്ഷണമോ ലഭിക്കാത്ത സാഹചര്യമാണ്. ഞങ്ങൾക്ക് എങ്ങനെയെങ്കിലും വിമാനസർവീസ് ഒരുക്കിത്തരണമെന്ന് കേന്ദ്രസർക്കാരിനോട് ആവശ്യപ്പെടുകയാണ്. ‘, ഇസ്രായേലിൽ നഴ്സായ ലീന ദേവസിക്കുട്ടി പറഞ്ഞു.
നാട്ടിലേക്ക് വരാൻ നേരത്തെ തന്നെ ഫ്ളൈറ്റ് ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. എന്നാൽ ലോക്ക് ഡൗൺ കാരണം ക്യാൻസൽ ചെയ്യേണ്ടി വന്നെന്നുമാണ് നഴ്സായ മറ്റൊരു യുവാവ് പറഞ്ഞത്. തന്നെപ്പോലെ തന്നെ 82 മലയാളികൾ ഇവിടെയുണ്ട്.
ഞങ്ങൾക്ക് വിസയില്ല. ഇൻഷൂറൻസ് പോലുമില്ല. സംസ്ഥാന സർക്കാരിനേയും കേന്ദ്രസർക്കാരിനേയും ഞങ്ങളുടെ അവസ്ഥ അറിയിച്ചിരുന്നെങ്കിലും പ്രതികരണമൊന്നും ഉണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post