ദുബായ്: പ്രിയതമയെ അന്ത്യചുംബനം നല്കി യാത്രയാക്കാനുള്ള വിജയകുമാറിന്റെ കാത്തിരിപ്പിന് വിരാമം. ശനിയാഴ്ച (16) വൈകിട്ട് 6.25ന് കൊച്ചിയിലേക്കുള്ള വിമാനത്തില്‍ വിജയകുമാര്‍ നാട്ടിലെത്തും.
ലോക്ക് ഡൗണ്‍ കാലത്ത് പ്രവാസ ലോകത്തിന്റെ കണ്ണീരായ് മാറിയിരിക്കുകയാണ് കൊല്ലംങ്കോട് സ്വദേശി വിജയകുമാര്‍. പ്രിയതമയുടെ അപ്രതീക്ഷിത വിയോഗ വാര്‍ത്ത അറിഞ്ഞിട്ടും നാട്ടിലെത്താന്‍ ദിവസങ്ങളെണ്ണിയുള്ള കാത്തിരിപ്പ് എല്ലാവരെയും കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്.
സാമൂഹിക പ്രവര്‍ത്തകനും ഇന്‍കാസ് ഭാരവാഹിയുമായ അഡ്വ. ടികെ ഹാഷികാണ്
വിജയകുമാറിന് 16ന് ദുബായില്‍ നിന്ന് കൊച്ചിയിലേയ്ക്ക് പറക്കുന്ന എയര്‍ ഇന്ത്യാ എക്സ്പ്രസ് ഐഎക്സ് 434 വിമാനത്തില്‍ യാത്ര ചെയ്യാന്‍ ടിക്കറ്റ് എടുത്ത് നല്‍കിയത്.
വിജയകുമാറിന്റെ ദുഃഖം തന്നെ ഏറെ വേദനിപ്പിച്ചെന്നും ഒരു പ്രവാസി എന്ന നിലയില്‍ തന്റെ കടമയാണെന്നതിനാലാണ് അദ്ദേഹം വേണ്ടെന്ന് പറഞ്ഞിട്ടും ടിക്കറ്റ് നല്‍കിയതെന്നും ഹാഷിക് പറഞ്ഞു.
‘കഴിഞ്ഞ ദിവസം വിമാനത്താവളത്തില്‍ വിജയകുമാറിന് ഒരു സീറ്റ് തരപ്പെടുത്താന്‍ ഏറെ പരിശ്രമിച്ചിരുന്നു. കണ്ണൂര്‍ സ്വദേശിയായ ഞാന്‍ പരിചയമുള്ളവരോടെല്ലാം മാറിത്തരുമോ എന്ന് ആരാഞ്ഞെങ്കിലും വിവിധ പ്രശ്നങ്ങളില്‍പ്പെട്ട് അടിയന്തരമായി നാട്ടിലേയ്ക്ക് പോകുന്നവരായതിനാല്‍ ആരും സമ്മതം മൂളിയില്ല. എയര്‍ ഇന്ത്യാ അധികൃതര്‍ തങ്ങളുടെ നിസ്സഹായവസ്ഥയും വിജയകുമാറിനോട് വ്യക്തമാക്കി.
ഇന്ത്യന്‍ കോണ്‍സുലേറ്റാണ് ദുബായില്‍ നിന്ന് ഇന്ത്യയിലേയ്ക്ക് പറക്കുന്ന വിമാനങ്ങളുടെ പട്ടിക തയ്യാറാക്കുന്നതെന്നും തങ്ങള്‍ ടിക്കറ്റ് അനുവദിക്കുക മാത്രമേ ചെയ്യുന്നുള്ളൂ എന്നും വിശദീകരിച്ചു. തുടര്‍ന്ന് 17ന് അബുദാബിയില്‍ നിന്ന് കൊച്ചിയിലേയ്ക്ക് പോകുന്ന വിമാനത്തില്‍ ടിക്കറ്റ് നല്‍കുമെന്ന് അറിയിക്കുകയും ചെയ്തു.
എന്നാല്‍, ഒരു ദിവസമെങ്കില്‍ ഒരു ദിവസം മുന്നേ വിജയകുമാറിനെ നാട്ടിലെത്തിക്കണമെന്ന വാശിയില്‍ സാമൂഹിക പ്രവര്ത്തകന് നസീര്‍ വാടാനപ്പള്ളിയോടൊപ്പം അധികൃതരില്‍ നിരന്തരം സമ്മര്‍ദം ചെലുത്തി 16ന് ദുബായില്‍ നിന്നുള്ള വിമാനത്തില്‍ സീറ്റ് തരപ്പെടുത്തുകയായിരുന്നു”ഹാഷിക് പറഞ്ഞു.
പ്രായമായ അമ്മ മാത്രമാണ് പാലക്കാട് കൊല്ലങ്കോട്ടെ വീട്ടിലുള്ളത്. ഹൃദയാഘാതം മൂലം മരിച്ച ഭാര്യ ഗീതയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടത്തി ഫ്രീസറില്‍ സൂക്ഷിച്ചിരിക്കുകയാണ്.
Discussion about this post