തിരൂർ: നീണ്ട 15 വർഷത്തെ ഗൾഫ് പ്രവാസ ജീവിതം കൊണ്ട് സ്വപ്‌നം ഭവനത്തിന്റെ പണി ഒട്ടുമുക്കാലും പൂർത്തിയാക്കിയപ്പോഴേക്കും മുജീബ് റഹ്മാനെ വിധി തട്ടിയെടുത്തു. വീടുപണി പൂർത്തിയാക്കി അടുത്തമാസം ഗൃഹപ്രവേശനത്തിനായി നാട്ടിലേക്ക് തിരിക്കാനിരിക്കെയാണ് മുജീബ് റഹ്മാനെ (42) മരണം കൊവിഡിന്റെ രൂപത്തിൽ തട്ടിയെടുത്തത്. കൊവിഡിനെ തുടർന്ന് 15 ദിവസത്തോളമായി കുവൈറ്റിലെ ഫർവ്വാനിയ ആശുപത്രിയിൽ ചികിത്സയിലായിരുന്നു മുജീബ് റഹ്മാൻ. 15 വർഷം മുമ്പ് തുടങ്ങിയതാണ് പ്രവാസജീവിതം.
ഇതുവരെ ഒമ്പതുതവണയാണ് നാട്ടിൽ വന്നുപോയത്. അവസാനമായി വന്നത് ഏഴുമാസം മുമ്പാണ്. അന്നാണ് വീടു പണി തുടങ്ങിവെച്ചത്. പ്രൈവറ്റ് കമ്പനികളുടെ കമ്പ്യൂട്ടർ ടെക്‌നീഷ്യനായി ജോലി നോക്കിയിരുന്ന മുജീബിന് കഴിഞ്ഞവർഷമാണ് സർക്കാറിന്റെ റവന്യൂ വകുപ്പിൽ ജോലി ലഭിച്ചത്.
ഇദ്ദേഹത്തിന്റെ പിതാവ് ബാവ 45 വർഷമായി വിദേശത്താണ്. റിങ്ക് അൽബുർദ ബേക്കറി സ്ഥാപകരിലൊരാളും കൂടിയാണ് അദ്ദേഹം. കഴിഞ്ഞദിവസം നാട്ടിലേക്ക് വരണമെന്ന കാര്യം പറഞ്ഞ് മുജീബ് വീട്ടിലേക്ക് വിളിച്ചിരുന്നുവെന്ന് ബന്ധുക്കളും കണ്ണീരോടെ പറയുന്നു. മുജീബ് റഹ്മാന്റെ ഭാര്യ ഫസീന എംഇഎസ് സെൻട്രൽ സ്‌കൂൾ അധ്യാപികയാണ്.
Discussion about this post