ജിദ്ദ: സൗദിയിലെ സ്വദേശികൾക്ക് കൂടുതൽ തൊഴിലവസരമൊരുക്കാനായി ഭരണകൂടം പുതിയ തൊഴിൽരീതി വിഭാവനം ചെയ്യുന്നു. സ്വദേശികളുടെ വരുമാനം കൂട്ടുക എന്ന ലക്ഷ്യത്തോടെ വേതനം മണിക്കൂർ വ്യവസ്ഥയിലാക്കുന്ന ‘ഫ്ലക്സിബിൾ വർക്ക്’ എന്ന പുതിയ തൊഴിൽ രീതി മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം ആരംഭിച്ചു.
സ്വകാര്യ മേഖലയിൽ സ്വദേശികളായ തൊഴിലന്വേഷകരെ ലക്ഷ്യമിട്ടാണ് ഈ പദ്ധതി. ജോലിക്ക് മണിക്കൂർ വ്യവസ്ഥയിൽ വേതനം നൽകുന്നതിലൂടെ സ്വദേശികളായ തൊഴിലന്വേഷകർക്ക് സാഹചര്യങ്ങൾക്ക് അനുയോജ്യമായ കൂടുതൽ തൊഴിലവസരങ്ങൾ കണ്ടെത്താനും വരുമാനം വർധിപ്പിക്കാനും സാധിക്കുമെന്നാണ് വിലയിരുത്തൽ. തൊഴിലുടമയുടെയും തൊഴിലാളികളുടെയും അവകാശങ്ങൾ ഡിജിറ്റൽ സംവിധാനത്തിലൂടെ മാനവ വിഭവശേഷി മന്ത്രാലയം സംരക്ഷിക്കും. സ്വകാര്യമേഖലക്ക് അടിയന്തരവും താൽകാലികവും സീസണലായും സ്വദേശി തൊഴിലാളികളെ ലഭ്യമാക്കാൻ കൂടിയാണ് ഇങ്ങനെയൊരു സംവിധാനം ആരംഭിച്ചിരിക്കുന്നത്.
തൊഴിലന്വേഷകർക്ക് പുതിയ ജോലികൾ സൃഷ്ടിക്കുകയാണ് പദ്ധതിയിലൂടെ പ്രധാനമായും ലക്ഷ്യമിടുന്നത്. സൗകര്യപ്രദമായ ജോലി കണ്ടെത്താനുള്ള സാധ്യതകൾ വർധിക്കും. ക്രമേണ സ്ഥിരം ജോലിക്കാരനാക്കാൻ പ്രാപ്തരാക്കും. കഴിവുകളും വൈദഗ്ധ്യവും വർധിപ്പിക്കും. നിയമലംഘകരായ വിദേശ തൊഴിലാളികളൂടെ അനുപാതം കുറക്കാൻ സഹായിക്കുമെന്നൊക്കെയാണ് മാനവ വിഭവ ശേഷി സാമൂഹിക വികസന മന്ത്രി എൻജി. അഹമ്മദ് അൽരാജിഹി പദ്ധതിയെ കുറിച്ച് വിവരിച്ചിരിക്കുന്നത്.
90 ദിവസത്തിനകം ഇതിനായുള്ള പോർട്ടൽ ആരംഭിക്കും. നിലവിലെ പ്രതിസന്ധിയെ മറികടന്ന് രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെ സഹായിക്കാൻ പുതിയ തൊഴിൽ രീതി സഹായമാകുമെന്നും വിഷൻ 2030 ലക്ഷ്യമിട്ട് കൂടിയാണിതെന്നും മന്ത്രാലയം അറിയിച്ചു.
Discussion about this post