തൃശ്ശൂർ: സോഷ്യൽമീഡിയയിൽ കൊവിഡ് ഉൾപ്പടെയുള്ള ദുരന്തങ്ങളും ഗൗരവം നിറഞ്ഞ വിഷയങ്ങളുമെല്ലാം ട്രോളാകാറുണ്ട്. ഇത്തരത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഫോൺ വിളിച്ചതിന്റെ പേരിൽ സോഷ്യൽമീഡിയ ഏതാനും നാളുകളായി ആഘോഷിക്കുന്ന പേരാണ് ഉസ്മാന്റേത്. പ്രത്യേക വിമാനത്തിൽ പ്രവാസികളെ എത്തിക്കാൻ തുടങ്ങിയതു മുതൽ ഓരോ ട്രോളന്മാരും അന്വേഷിക്കുന്നത് ഉസ്മാൻ എത്തിയോ എന്നായിരുന്നു. എങ്കിലിതാ നിങ്ങൾക്ക് നിരാശരാകാം. ഇനി പുതിയ വിഷയം തേടി പോകാം. കാരണം ഉസ്മാൻ നാട്ടിൽ തിരിച്ചെത്തിയിരിക്കുന്നു.
ചെന്നിത്തല പ്രവാസി കോൺഗ്രസ് നേതാക്കളുമായി നടത്തിയ ഫോൺ കോളുകളുടെ വീഡിയോയിൽനിന്നാണ് ഈ ട്രോളുകളെല്ലാം ആരംഭിച്ചത്. ഒടുവിൽ ട്രോളന്മാർ അന്വേഷിച്ചു നടന്ന കെകെ ഉസ്മാൻ ഞായറാഴ്ച പുലർച്ചെ ദോഹയിൽനിന്ന് നെടുമ്പാശേരിയിലെത്തിയ വിമാനത്തിൽ വന്നിറങ്ങിയിരിക്കുകയാണ്. ഒഐസിസി ഗ്ലോബൽ വൈസ് പ്രസിഡന്റാണ് കെകെ ഉസ്മാൻ.
പ്രതിപക്ഷ നേതാവ് സദുദ്ദേശ്യത്തോടെ ചെയ്ത കാര്യങ്ങൾ മോശപ്പെടുത്തി ചിത്രീകരിക്കുന്നതിൽ ശരിക്കും വിഷമമുണ്ടെന്നായിരുന്നു ഉസ്മാന്റെ ആദ്യപ്രതികരണം. തന്നെ മാത്രമല്ല, ഒഐസിസിയുടെ മറ്റ് നേതാക്കളായ വർഗീസ് പുതുക്കുളങ്ങര, രാജു കല്ലമ്പുറം തുടങ്ങിയവരെയും അദ്ദേഹം വിളിച്ചിരുന്നെന്നും ഏപ്രിൽ മാസം തുടക്കത്തിൽ ഒരു വ്യാഴാഴ്ചയാണ് പ്രതിപക്ഷ നേതാവ് ഫോണിൽ വിളിച്ചതെന്നും ഉസ്മാൻ പറയുന്നു. ദുരിതം അനുഭവിക്കുന്നവർക്ക് വേണ്ട എല്ലാസഹായവും ചെയ്തുനൽകണമെന്നാണ് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടത്. പിറ്റേദിവസം വെള്ളിയാഴ്ചയും അദ്ദേഹം വിളിച്ചിരുന്നു.
ദോഹയിലെ ഇൻഡസ്ട്രിയൽ ഏരിയയിൽ ഭക്ഷണമില്ലാതെ ദുരിതമനുഭവിക്കുന്ന ഒരു മലപ്പുറം സ്വദേശിയുടെ നമ്പർ അദ്ദേഹം നൽകുകയും എല്ലാ സഹായവും എത്തിച്ചുനൽകാൻ ആവശ്യപ്പെടുകയും ചെയ്തുവെന്നും ഉസ്മാൻ പറയുന്നു. ലോക്ക്ഡൗൺ കാരണം അവിടെ 16 ഓളം പേരാണ് കുടുങ്ങികിടന്നിരുന്നത്. ചെന്നിത്തല വിളിച്ചുപറഞ്ഞതനുസരിച്ചാണ് അവിടെ എത്തിയത്. എല്ലാവർക്കും ഒരുമാസത്തേക്കുള്ള ഭക്ഷണസാധനങ്ങൾ നൽകിയെന്നും ഉസ്മാൻ വിശദീകരിച്ചു.
രാഷ്ട്രീയഭേദമന്യേ എല്ലാവർക്കും സഹായം എത്തിക്കാനാണ് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടത്. പക്ഷേ, അതെല്ലാം മോശപ്പെടുത്തുന്നരീതിയിൽ ചിത്രീകരിക്കുന്നതിൽ വിഷമമുണ്ട്. എന്തെല്ലാമായാലും ട്രോളന്മാരോട് തനിക്ക് കടപ്പാടുണ്ടെന്നും ഖത്തർ ഇൻകാസ് സ്ഥാപക പ്രസിഡന്റ് കൂടിയായ ഉസ്മാൻ പറയുന്നു. ഒന്നുമില്ലെങ്കിലും തന്റെ പേര് ഇത്രയും വൈറലാക്കിയതിൽ അവരോട് കടപ്പാടുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഖത്തറിലും ഗൾഫ് രാജ്യങ്ങളിലും സജീവമായ സാമൂഹികപ്രവർത്തകനായ ഉസ്മാൻ ഗർഭിണിയായ മകൾക്കൊപ്പമാണ് ഞായറാഴ്ചയിലെ വിമാനത്തിൽ നാട്ടിലെത്തിയത്. ഞായറാഴ്ച പുലർച്ചെ നെടുമ്പാശേരിയിൽ വിമാനമിറങ്ങിയ അദ്ദേഹം ഉച്ചയോടെ സ്വദേശമായ കോഴിക്കോട് നാദാപുരത്തെ പാറക്കടവിലെത്തി. ഇനിയുള്ള ദിവസം സർക്കാർ നിർദേശിച്ച ക്വാറന്റൈനിലാണ്. വിമാനസർവീസുകളെല്ലാം പഴയപടിയായാൽ ഖത്തറിലേക്ക് മടങ്ങുമെന്ന് അദ്ദേഹം അറിയിച്ചു. 45 വർഷമായി ദോഹയിൽ ബിസിനസ് നടത്തുകയാണ് ഉസ്മാൻ.
Discussion about this post