ദുബായ്: ലോകമെമ്പാടും കൊവിഡ് പോരാട്ടത്തിന്റെ ആശങ്കയിലായിരിക്കെ കൈത്താങ്ങാകാൻ മലയാളി നഴ്‌സുമാർ എത്തുന്നു. കൊവിഡ് വൈറസിനെതിരായ പോരാട്ടത്തിൽ യുഎഇയെ സഹായിക്കുന്നതിനായി ഇന്ത്യയിൽ നിന്നുള്ള 88 ഐസിയു (ഇന്റൻസീവ് കെയർ യൂണിറ്റ്) നഴ്‌സുമാരുടെ ആദ്യ ബാച്ച് ശനിയാഴ്ച രാത്രി ദുബായിയിലെത്തി.
കേരളം, കർണാടക, മഹാരാഷ്ട്രയിലെ കോലാപ്പൂർ എന്നിവിടങ്ങളിൽ നിന്നുള്ള നഴ്‌സുമാരാണ് ആദ്യബാച്ചിലുള്ളത്. സംഘത്തിൽ കൂടുതലും കേരളത്തിൽ നിന്നുള്ള നഴ്‌സുമാരാണ്. 88 പേരാണ് സംഘത്തിലുള്ളത്. ശനിയാഴ്ച രാത്രി എട്ടരയോടെയാണ് ഇവർ ദുബായിയിലെത്തിയത്. കൊവിഡ് പരിശോധന പൂർത്തിയാക്കിയ ശേഷമാണ് ഇവർ എയർപോർട്ടിന് പുറത്തു കടന്നത്.
യുഎഇ വിദേശകാര്യമന്ത്രാലയത്തിന്റെ അഭ്യർഥനപ്രകാരമാണ് ഇന്ത്യൻ സംഘം ദുബായിയിലെത്തിയത്. ‘ഈ സംരംഭം ഇന്ത്യയും യുഎഇ യും തമ്മിൽ നിലനിൽക്കുന്ന വിശ്വസനീയമായ ബന്ധത്തെയും പരസ്പരം പിന്തുണയ്ക്കാൻ ഇരു രാജ്യങ്ങളും കാണിക്കുന്ന പ്രതിബദ്ധതയെയും പ്രതിഫലിപ്പിക്കുന്നു,’ ആസ്റ്റർ ഡിഎം ഹെൽത്ത് കെയറിന്റെ സ്ഥാപക ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പൻ പറഞ്ഞു.
ഇന്ത്യൻ കോൺസുലേറ്റിന്റെയും യുഎഇയുടെ വിദേശകാര്യ മന്ത്രാലയത്തിന്റെയും അന്താരാഷ്ട്ര സഹകരണ മന്ത്രാലയത്തിന്റെയും പിന്തുണയോടെ ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയർ ഗ്രൂപ്പുമായി സഹകരിച്ചാണ് നഴ്‌സുമാരെ ദുബായിയിലെത്തിച്ചത്.
Discussion about this post