കൊച്ചി: കൊവിഡ് വ്യാപനത്തെ തുടർന്ന് ലോക്ക്ഡൗണ് പ്രഖ്യാപിച്ചതോടെ നാട്ടിലേക്ക് മടങ്ങാനാകാതെ വിദേശത്ത് കുടുങ്ങിയ പ്രവാസികളെ തിരിച്ചെത്തിക്കുന്ന വിമാന സർവീസുകളുടെ സമയക്രമത്തിൽ മാറ്റം. പ്രവാസികളുമായി നാളെ കൊച്ചിയിലേക്ക് ഒരു വിമാനം മാത്രമായിരിക്കും എത്തുകയെന്നാണ് വിവരം. ദോഹയിൽ നിന്നുള്ള നാളത്തെ വിമാന സർവീസ് സർവ്വീസ് റദ്ദാക്കി. ദോഹയിൽ നിന്നുള്ള സർവ്വീസ് ശനിയാഴ്ചയിലേക്ക് മാറ്റിയെന്ന് എയർ ഇന്ത്യ എക്‌സ്പ്രസാണ് അറിയിച്ചിരിക്കുന്നത്.
അതേസമയം, സമയക്രമത്തിൽ മാറ്റം വന്നതോടെ, നാളെ മൂന്ന് വിമാനങ്ങളാകും കേരളത്തിലേക്ക് എത്തുക. ഇതിൽ അബുദാബിയിൽ നിന്നുള്ള വിമാനമാണ് കൊച്ചിയിലേക്ക് വരുന്നത്. മറ്റ് രണ്ട് സർവ്വീസുകൾ കോഴിക്കോട്ടേക്കുള്ളതാണ്. ഓരോ വിമാനങ്ങളിലും 200 യാത്രക്കാർ വീതമായിരിക്കും നാട്ടിലെത്തുക. നെടുമ്പാശ്ശേരിയിൽ ആദ്യ ഘട്ടത്തിൽ, 10 വിമാനങ്ങളിലായി 2150 പ്രവാസികളാണ് എത്തുക. മടങ്ങിയെത്തുന്നവരെ നിരീക്ഷണത്തിലാക്കാൻ 4000 വീടുകളും സജ്ജമാക്കിയിട്ടുണ്ട്.
കൈകൾ ഉൾപ്പെടെ ശുചിയാക്കിയശേഷം മാത്രമേ വിമാനമിറങ്ങുന്നവരെ എയറോ ബ്രിഡ്ജിൽ നിന്ന് ടെർമിനലിലേക്ക് കടത്തിവിടൂ. ബാഗേജും അണുവിമുക്തമാക്കും. നേരെ ഹെൽത്ത് കൗണ്ടറിലേക്ക്. തെർമൽ സ്‌കാനർ ഉപയോഗിച്ച് താപനില പരിശോധിക്കും. ചൂട് കൂടുതലോ രോഗലക്ഷണങ്ങളോ ഉണ്ടെങ്കിൽ ആംബുലൻസിൽ ആശുപത്രിയിലേക്ക്. മറ്റുള്ളവരെ നിരീക്ഷണ കേന്ദ്രങ്ങളിലേക്ക് മാറ്റും. വിമാനത്താവളത്തിൽ നിന്ന് പ്രവാസികളെ ഡബിൾ ചേംബർ ടാക്‌സി കാറുകളിലാകും നിരീക്ഷണ കേന്ദ്രങ്ങളിലേക്ക് കൊണ്ടുപോവുക. ഒരു വിമാനത്തിലെ മുഴുവൻ യാത്രക്കാരും പോയ ശേഷം വിമാനത്താവളം പൂർണ്ണമായും അണുവിമുക്തമാക്കും.
Discussion about this post