ദുബായ്: കൊവിഡ് 19 വൈറസ് വ്യാപനത്തെ തുടര്‍ന്ന് മാറ്റിവെച്ച ദുബായ് എക്സ്പോ അടുത്ത വര്‍ഷത്തേയ്ക്ക് മാറ്റിവെയ്ക്കാനുള്ള തീരുമാനത്തിന് ഔദ്യോഗിക അംഗീകാരമായി. വിവിധ രാജ്യങ്ങള്‍ അംഗങ്ങളായ ബ്യൂറോ ഓഫ് ഇന്റര്‍നാഷണല്‍ എക്സ്പോസിഷന്‍സ് (ബിഐഇ) ജനറല്‍ അസംബ്ലിയാണ് യുഎഇ സര്‍ക്കാറിന്റെയും എക്സിക്യൂട്ടീവ് കമ്മിറ്റിയുടെയും നിര്‍ദേശത്തിന് അംഗീകാരം നല്‍കിയത്.
കൊവിഡ് വ്യാപനത്തിന്റെ അടിസ്ഥാനത്തില്‍ എക്സ്പോ മാറ്റിവെയ്ക്കാന്‍ നേരത്തെ ബിഐഇ എക്സിക്യൂട്ടീവ് കമ്മിറ്റി ശുപാര്‍ശ ചെയ്തിരുന്നു. കൊവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ യോഗം ചേരാനാവാത്തതിനാല്‍ ഓണ്‍ലൈന്‍ വോട്ടെടുപ്പിലൂടെയാണ് ബിഐഇ ജനറല്‍ അസംബ്ലി പുതിയ തീയതിക്ക് അംഗീകാരം നല്‍കിയത്.
ഏപ്രില്‍ 24ന് തുടങ്ങിയ ഓണ്‍ലൈന്‍ വോട്ടെടുപ്പ് മേയ് 29 വരെ നീണ്ടുനില്‍ക്കും. എങ്കിലും അംഗീകാരത്തിന് ആവശ്യമായ മൂന്നില്‍ രണ്ട് ഭൂരിപക്ഷം ഇതിനോടകം തന്നെ ആയിക്കഴിഞ്ഞതായാണ് വിവരം. പുതിയ തീരുമാനപ്രകാരം 2021 ഒക്ടോബര്‍ ഒന്നു മുതല്‍ 2022 മാര്‍ച്ച് 31 വരെയായിരിക്കും ദുബായ് എക്സ്പോ നടത്തുക. തീരുമാനത്തിന് മൂന്നില്‍ രണ്ട് അംഗരാജ്യങ്ങളുടെയും അംഗീകാരം ലഭിച്ചതോടെ തീയതി മാറ്റം സംബന്ധിച്ച് തീരുമാനമായതായി ബിഐഇ അറിയിച്ചു.
Discussion about this post