ദുബായ്: കൊവിഡ് 19 വൈറസ് ബാധമൂലം യുഎഇയില്‍ ഒരു മലയാളി കൂടി മരിച്ചു. തിരൂര്‍ താനൂര്‍ സ്വദേശി കമാലുദീന്‍ കുളത്തുവട്ടിലാണ് മരിച്ചത്. അന്‍പത്തിരണ്ടു വയസ്സായിരുന്നു. ദുബായ് അല്‍ ബറാഹ ആശുപത്രിയില്‍ ചികില്‍സയിലായിരിക്കെയാണ് ഇദ്ദേഹത്തിന്റെ അന്ത്യം. ഷാര്‍ജ കെഎംസിസിയുടെയും യുഎഇ സുന്നി സെന്ററിന്റെയും സജീവ പ്രവര്‍ത്തകനായിരുന്നു ഇദ്ദേഹം.
മരിച്ച കമാലുദ്ദീന്റെ മൃതദേഹം നാട്ടില്‍ കൊണ്ടുവരില്ലെന്ന് ബന്ധുക്കള്‍ അറിയിച്ചു. അടുത്ത ബന്ധുക്കളുടെ അനുമതിയോടെ ദുബായിയില്‍ തന്നെ മൃതദേഹം ഖബറടക്കും. ഭാര്യ: സലീന, മക്കള്‍: സല്‍വ മുഹ്സിന(ഒമാന്‍), സൈനുദ്ധീന്‍, സൈനുല്‍ ആബിദീന്‍, ഫാത്തിമ സഹ്റ. മരുമകന്‍: മേടമ്മല്‍ മുഹമ്മദ് സഹീര്‍(ഒമാന്‍).
കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇയില്‍ നാല് മലയാളികളാണ് വൈറസ് ബാധമൂലം മരിച്ചത്. ഇതോടെ ഗള്‍ഫില്‍ കൊവിഡ് വൈറസ് ബാധമൂലം മരിച്ച മലയാളികളുടെ എണ്ണം 44 ആയി ഉയര്‍ന്നു. അതേസമയം വിദേശത്ത് കുടുങ്ങിക്കിടക്കുന്ന പ്രവാസികളെ എന്ന് നാട്ടില്‍ തിരിച്ചെത്തിക്കും എന്ന കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല. ഇന്നലെ ചേര്‍ന്ന ക്യാബിനറ്റ് സെക്രട്ടറി ഉന്നതതലയോഗത്തില്‍ പ്രവാസികളെ തിരിച്ചുകൊണ്ടുവരുന്ന കാര്യത്തില്‍ ചര്‍ച്ച നടത്തിയതല്ലാതെ തീരുമാനം വ്യക്തമാക്കിയിരുന്നില്ല. ഇതിനോടകം 4.13 ലക്ഷം പേരാണ് വിദേശത്ത് നിന്ന് തിരികെ വരാനായി നോര്‍ക്കയില്‍ റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.