കൊറോണ ബാധിച്ച് റാസല്‍ഖൈമയില്‍ ഒരു മലയാളിക്ക് കൂടി ദാരുണാന്ത്യം, മരിച്ചത് ചാവക്കാട് സ്വദേശി

തൃശൂര്‍: റാസല്‍ഖൈമയില്‍ ഒരു മലയാളി കൂടി കൊറോണ ബാധിച്ച് മരിച്ചു. ചാവക്കാട് എടക്കഴിയൂര്‍ നാലാംകല്ല് കറുപ്പംവീട്ടില്‍ പള്ളത്ത് വീട്ടില്‍ ഹസന്‍ – നബീസ ദമ്പതികളുടെ മകന്‍ മുഹമ്മദ് ഹനീഫയാണ് (63) റാസല്‍ഖൈമയില്‍ മരിച്ചത്.

കൊറോണ ബാധിച്ച് ഹനീഫ റാക് സഖര്‍ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയവെയാണ് മരണം സംഭവിച്ചത്. 22 വര്‍ഷമായി യു.എ.ഇയിലുള്ള മുഹമ്മദ് ഹനീഫ റാസല്‍ഖൈമ അറേബ്യന്‍ ഇന്റര്‍നാഷണല്‍ കമ്പനിയില്‍ (എ.ആര്‍.സി) സൂപ്പര്‍വൈസറായി സേവനമനുഷ്ഠിച്ച് വരികയായിരുന്നു.

ഭാര്യ: റഫീഖ. മക്കള്‍: ഹാഷില്‍, അസ്ബിന. കുടുംബവും റാസല്‍ഖൈമയിലുണ്ട്. വര്‍ഷങ്ങളായി നാട്ടില്‍ കോയമ്പത്തൂരിലാണ് ഇവര്‍. കൊറോണ ബാധിച്ച് വിദേശരാജ്യങ്ങളില്‍ മരിക്കുന്ന മലയാളികളുടെ എണ്ണം കുതിച്ചുയര്‍ന്നുകൊണ്ടിരിക്കുകയാണ്.

മദീനയിലും കഴിഞ്ഞദിവസം ഒരു മലയാളി കൊറോണ ബാധിച്ച് മരിച്ചിരുന്നു. മലപ്പുറം മക്കരപ്പറമ്പ സ്വദേശി പഴമള്ളൂര്‍ കട്ടുപ്പാറയിലെ അരിക്കത്ത് ഹംസ അബുബക്കര്‍ (59) ആണ് മരിച്ചത്. ഇതോടെ സൗദിയില്‍ മരണപ്പെട്ട മലയാളികളുടെ എണ്ണം ഏഴായി.

Exit mobile version