മസ്‌കത്ത്: ഒമാനില്‍ ന്യൂനമര്‍ദത്തിന്റെ ഫലമായി നാളെ മുതല്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. അതിശക്തമായ കാറ്റോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും അതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും റോയല്‍ ഒമാന്‍ പോലീസ് മുന്നറിയിപ്പ് നല്കി.
തിങ്കളാഴ്ച വരെ മഴ തുടരുമെന്നും അധികൃതരുടെ മുന്നറിയിപ്പുണ്ട്. പുതുതായി രൂപപ്പെട്ടിരിക്കുന്ന ന്യൂനമര്‍ദ്ദം നാളെ മുതല്‍ ഒമാനെ ബാധിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. ശനിയാഴ്ച മുതല്‍ ശക്തമായ കാറ്റോടുകൂടി മഴ പെയ്യും.
ഈ കാലാവസ്ഥ തിങ്കളാഴ്ച വരെ തുടരുമെന്നും കാലാവസ്ഥ കേന്ദ്രം പറയുന്നു. മുസന്ദം ഗവര്‍ണറേറ്റില്‍ നിന്ന് മഴ ആരംഭിച്ച് ബുറൈമി, തെക്ക്-വടക്കന്‍ ബാത്തിന, ദാഹിറ, ദാഖിലിയ, മസ്‌കത്ത്, തെക്ക്-വടക്കന്‍ ശര്‍ഖിയ മേഖലകളിലെല്ലാം മഴപെയ്യാന്‍ സാധ്യതയുണ്ട്.
അതിനാല്‍ മത്സ്യ ബന്ധനത്തിനു കടലില്‍ പോകുന്നവരും വാഹനങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ വാദികള്‍ മുറിച്ചു കടക്കുന്നതും സുരക്ഷാ നിര്‍ദേശങ്ങള്‍ പാലിച്ചുകൊണ്ടായിരിക്കണമെന്നും ജാഗ്രത പാലിക്കണമെന്നും സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചിട്ടുണ്ട്.