ന്യൂഡല്‍ഹി: സമൂഹ മാധ്യമങ്ങളിലൂടെ ചില ആളുകള്‍ നടത്തുന്ന വിദ്വേഷ പ്രചാരണങ്ങള്‍ ഒരേ സമയം വേദനയും ദേഷ്യവും ഉണ്ടാക്കുന്നുവെന്ന് യുഎഇ രാജകുടുംബാംഗമായ ഷെയ്ഖ ഹെന്ത് ഫൈസല്‍ അല്‍ ഖാസിമി. ഒരു അറബ് വംശജനെയോ മുസ്ലിം മതസ്ഥനെയോ ഒരു ഇന്ത്യക്കാരന് ആക്രമിച്ച സംഭവം ഇതിന് മുമ്പ് താന്‍ കേട്ടിട്ടല്ലെന്നും ഇപ്പോഴത്തെ ഈ രീതി പുതിയതാണെന്നും ഷെയ്ഖ ഹെന്ത് ഫൈസല്‍ അല്‍ ഖാസിമി പറയുന്നു.
ന്യൂസ് 18 പ്രതിനിധിയുമായി സംസാരിക്കവെയാണ് ഖാസിമി ഇക്കാര്യം പറഞ്ഞത്. ഡല്‍ഹി നിസാമുദ്ദീനിലെ തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതിന് പിന്നാലെ രാജ്യത്ത് മുസ്ലിംങ്ങള്ക്ക് നേരെ നടന്ന വിദ്വേഷ പ്രചാരണങ്ങളെ ഖാസിമി ശക്തമായി വിമര്‍ശിച്ചിരുന്നു.
ഇതിന് പിന്നാലെ ഖാസിമിക്ക് നേരെ ഇന്ത്യക്കാരില്‍ നിന്ന് വലിയ തോതിലുള്ള സൈബര്‍ ആക്രമണമായിരുന്നു നേരിടേണ്ടി വന്നത്. ഇതേ തുടര്‍ന്നാണ് അഭിമുഖത്തില്‍ ഖാസിമി ശക്തമായ അമര്‍ഷം രേഖപ്പെടുത്തിയത്. ഇതിന് മുമ്പ് ഇന്ത്യക്കാരില്‍ നിന്ന് ഇത്തരമൊരു വിദ്വേഷം ഞങ്ങള്‍ക്ക് നേരിടേണ്ടി വന്നിട്ടില്ലെന്ന് ഖാസിമി വ്യക്തമാക്കി.
ആളുകള്‍ അറബികളേയും മുസ്ലിങ്ങളേയും അധിക്ഷേപിക്കുന്നതിന്റെ ദൃശ്യങ്ങള്‍ എന്റെ ടൈംലൈനില്‍ നോക്കിയാല്‍ നിങ്ങള്‍ക്ക് കാണാന്‍ കഴിയുമെന്നും ഈ രീതി ഒരിക്കലും ഇന്ത്യക്കാരുടേതായിരുന്നില്ലെന്നും യുഎഇ രാജകുടുംബാംഗം കൂട്ടിച്ചേര്‍ത്തു.
‘യുഎഇയില്‍ ആരെയൊക്കെ പ്രവശിപ്പിക്കണമെന്ന് തിരഞ്ഞെടുക്കാന്‍ ഇന്ത്യ ഞങ്ങളെ നിര്‍ബന്ധിതരാക്കുകയാണോ? ഇവിടെ മുസ്ലിങ്ങളേയും ക്രിസ്ത്യാനികളേയും മാത്രം പ്രവേശിപ്പിച്ചാല്‍ മതിയോ? ഇങ്ങനെയായിരുന്നില്ല ഞങ്ങള്‍ വളര്‍ന്നത്. ഞങ്ങളെ സംബന്ധിച്ച് എല്ലാവരും ഇന്ത്യക്കാരാണ്. അവര്‍ ഇന്ത്യന്‍ മുസ്ലിങ്ങളായത് കൊണ്ട് മാത്രം ഞങ്ങള്‍ അവര്‍ക്ക് പ്രത്യേക പരിഗണനയൊന്നും നല്‍കുന്നില്ല’- ഖാസിമി പറഞ്ഞു.
യുഎയില്‍ ഇന്ത്യയില്‍ നിന്നുള്ള ഹിന്ദുക്കള്‍ക്ക് പ്രവേശനമില്ലെന്ന് ഞാന്‍ പറഞ്ഞാല്‍ ഇന്ത്യക്കാര്‍ക്ക് അതെങ്ങനെയാണ് ഉള്‍ക്കൊള്ളാന്‍ കഴിയുക. 14 ബില്യണ്‍ ഡോളറാണ് ഒരോ വര്‍ഷവും യുഎഇയില്‍ ഇന്ത്യയിലേക്ക് പോകുന്നത്. ഇതൊക്കെ അവസാനിക്കുമെന്ന് സങ്കല്‍പ്പിച്ചിച്ചു നോക്കുവെന്ന് ഖാസിമി പറഞ്ഞു.
നിരവധി ഇന്ത്യക്കാരാണ് ഈ രാജ്യത്തിനായി കഠിനധ്വാനം ചെയ്യുന്നത്. അവരെ ഇത്തരത്തില്‍ മോശപ്പെട്ട രീതിയില്‍ ചിത്രീകരിക്കുന്ന ആളുകളെ അവര്‍ അര്‍ഹിക്കുന്നുവെന്ന് തോന്നുന്നില്ല. വിദ്വേഷ പ്രചാരണം രാജ്യത്ത് നിയമവിരുദ്ധമാണെന്നും അത് അവസാനിപ്പിക്കുന്നതിനായി ഇനിയും ശബ്ദം ഉയര്‍ത്തിക്കൊണ്ടേയിരിക്കും, കാരണം ഞാന്‍ ഇന്ത്യയുടെ നല്ലൊരു സുഹൃത്താണെന്നും ഖാസിമി വ്യക്തമാക്കുന്നു.
തന്റെ ആശങ്കകള്‍ ഇതുവരെ ഇന്ത്യന്‍ സര്‍ക്കാരുമായി പങ്കുവെച്ചിട്ടില്ല. കാരണം താന്‍ ഒരു രാഷ്ട്രീയ പ്രതിനിധിയല്ല. പക്ഷെ യുഎഇയിലെ മുന്‍ ഇന്ത്യന്‍ അംബാസഡര്‍ നവദീപ് സൂരിയുമായി താന്‍ നല്ല ബന്ധമാണ് കാത്ത് സൂക്ഷിക്കുന്നത്. അതിനാല്‍ അദ്ദേഹത്തോട് ഇക്കാര്യങ്ങളെ കുറിച്ച് ഞാന്‍ സംസാരിച്ചിട്ടുണ്ടെന്നും ഖാസിമി പറയുന്നു.
Discussion about this post