റാസല്‍ഖൈമ: കൊറോണ ബാധിച്ച് ഒരു മലയാളി കൂടി വിദേശത്ത് മരിച്ചു. മലപ്പുറം മൂക്കുതല സ്വദേശി മച്ചങ്ങലത്ത് വീട്ടില്‍ ശങ്കരന്‍ – നാനി ദമ്പതികളുടെ മകന്‍ കേശവനാണ് (67) റാസല്‍ഖൈമയില്‍ മരിച്ചത്. പനി ബാധിച്ച് കഴിഞ്ഞദിവസം ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇദ്ദേഹത്തിന് ശ്വാസതടസ്സം മൂര്‍ച്ചിച്ചതിനെ തുടര്‍ന്നായിരുന്നു മരണം.
അസുഖ ബാധിതനായതിനെ തുടര്‍ന്ന് റാക് സഖര്‍ ആശുപത്രിയിലായിരുന്നു അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. ഇവിടെ ചികിത്സയില്‍ കഴിയുന്നതിനിടെ ശ്വാസതടസ്സം മൂര്‍ച്ചിച്ചതിനെ തുടര്‍ന്ന് മരണം സംഭവിക്കുകയായിരുന്നുവെന്ന് ആശുപത്രി അധികൃതര്‍ പറയുന്നു.
47 വര്‍ഷമായി യുഎഇയിലുള്ള കേശവന്‍ റാസല്‍ഖൈമ അല്‍നഖീലില്‍ പച്ചക്കറി വിപണന സ്ഥാപനം നടത്തുകയായിരുന്നു. മകന്റെ വിവാഹ ചടങ്ങുകള്‍ക്ക് നാട്ടില്‍ പോയ കേശവന്‍ മാര്‍ച്ച് ആദ്യവാരമാണ് തിരികെ റാസല്‍ഖൈമയില്‍ എത്തിയത്.
പക്ഷാഘാതത്തെ തുടര്‍ന്ന് നാട്ടില്‍ ചികില്‍സയിലായിരുന്ന ഇദ്ദേഹം വിസ പുതുക്കി തിരികെ നാട്ടിലേക്ക് മടങ്ങാനുള്ള തയാറെടുപ്പിനിടെ ലോക്ക്ഡൗണില്‍ റാസല്‍ഖൈമയില്‍ കുടുങ്ങുകയായിരുന്നു. മൃതദേഹം കൊറോണ പ്രൊട്ടോക്കോള്‍ പ്രകാരം റാസല്‍ഖൈമയിലെ പൊതുശ്മശാനത്തില്‍ സംസ്‌കരിച്ചു. ഭാര്യ: രാഗിണി. മക്കള്‍: രഹ്ന പ്രബിന്‍ (ദുബൈ), റിജു, ആതിര, ധനു, വിപിന്‍. മരുമകന്‍: പ്രബിന്‍ (ദുബൈ).
Discussion about this post