അബുദാബി: യുഎഇയിലെ ഇന്ത്യക്കാരെ തിരിച്ച് നാട്ടിലെത്തിക്കാനായി ഇന്ത്യൻ എംബസി രജിസ്‌ട്രേഷൻ ആരംഭിച്ചു. കൊവിഡിന്റെ പശ്ചാത്തലത്തിൽ നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് www.indembassyuae.gov.in, www.cgidubai.gov.in (www.cgidubai.gov.in/covid register)എന്നീ വെബ്‌സൈറ്റുകൾ വഴി വിവരങ്ങൾ നൽകി രജിസ്‌ട്രേഷൻ നടത്താം. രേഖകളൊന്നും അപ് ലോഡ് ചെയ്യേണ്ടതില്ല. അതേസമയം പാസ്‌പോർട്ട് നമ്പർ, മൊബൈൽ നമ്പർ, വിലാസം തുടങ്ങിയ കാര്യങ്ങൾ നൽകണം.
ഗ്രൂപ്പായി രജിസ്‌ട്രേഷൻ നടത്താനാവില്ലെന്നും കുടുംബമായിട്ട് മടങ്ങുന്നവർക്ക് ഓരോ അംഗത്തിനും പ്രത്യേകം പ്രത്യേകം രജിസ്‌ട്രേഷൻ നടത്തണമെന്നും പ്രത്യേകം ഓർമ്മിച്ചിരിക്കുകയാണ് എംബസി. കമ്പനികൾക്കും, ഓരോ ജീവനക്കാർക്കും ഒരു പ്രത്യേക ഫോം പൂരിപ്പിക്കണം.
കൊവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വിദേശത്തുള്ളവരെ മടക്കിക്കൊണ്ടുവരുന്നതിന് പദ്ധതി തയ്യാറാക്കാൻ ഇന്ത്യൻ ഗവൺമെന്റിനെ പ്രാപ്തമാക്കുന്നതിനുള്ള വിവരശേഖരണം മാത്രമാണ് ഈ ഫോമിന്റെ ലക്ഷ്യമെന്നും എംബസി അറിയിച്ചു. ഇന്ത്യയിലേക്കുള്ള യാത്രാ സർവീസുകൾ പുനരാരംഭിച്ചാൽ എംബസി വെബ്‌സൈറ്റിലൂടെയും മറ്റു വഴികളിലൂടെയും യഥാസമയം അറിയിക്കും. യാത്രക്കുള്ള വ്യവസ്ഥകളും നിർദ്ദേശങ്ങളും ഈ ഘട്ടത്തിൽ ലഭ്യമാക്കുമെന്നും ഇന്ത്യൻ എംബസി വ്യക്തമാക്കി. അതേ സമയം ഈ രജിസ്‌ട്രേഷൻ വിമാനത്തിൽ സീറ്റുറപ്പിക്കുന്നതിനുള്ള നടപടിക്രമമല്ലെന്നും അധികൃതർ വ്യക്തമാക്കി.
ഏതെങ്കിലും തരത്തിലുള്ള സംശയങ്ങൾക്ക് 24 മണിക്കൂറും ബന്ധപ്പെടാം. അബുദാബി എംബസി 0508995583, ദുബായ് കോൺസുലേറ്റ്; 0565463903.
Discussion about this post