റിയാദ്: പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ എത്ര തന്നെ ഊര്‍ജിതമാക്കിയിട്ടും ഗള്‍ഫ് രാജ്യങ്ങള്‍ക്കും പടര്‍ന്നുപിടിക്കുന്ന കൊറോണയെ പിടിച്ചുകെട്ടാന്‍ കഴിയുന്നില്ല. എങ്കിലും കൊറോണയ്ക്കെതിരെ പൊരുതുകയാണ് ഗള്‍ഫ് രാജ്യങ്ങള്‍.
സൗദിയില്‍ വീടുകള്‍ കയറിയുള്ള കൊറോണ പരിശോധനയ്ക്ക് നാളെ മുതല്‍ തുടക്കമാകും.
സൗദി ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. വീടുകള്‍ കയറിയിറങ്ങി ആളുകളുടെ താപനില പരിശോധിക്കും. ഏറെ സമയമെടുക്കുന്നതിനാല്‍ ഘട്ടം ഘട്ടമായാണ് ഈ പരിശോധന പൂര്‍ത്തിയാക്കുകയെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്നുണ്ടെങ്കില്‍ ഇക്കാര്യത്തില്‍ മന്ത്രാലയത്തിന്റെ നടപടിയുണ്ടാകും. 38ന് മുകളില്‍ ശരീരതാപനിലയുള്ളവര്‍ക്ക് കൊറോണ മാര്‍ഗരേഖ അനുസരിച്ചുള്ള ടെസ്റ്റുകള്‍ നടത്തും. ലക്ഷണം കണ്ടെത്തിയാല്‍ സ്രവം തത്സമയം പരിശോധിക്കും. ഫലം വരുന്ന മുറക്ക് ഐസൊലേഷനിലേക്ക് മാറ്റും.
സൗദിയില്‍ കൊറോണ പ്രതിരോധം ശക്തിപ്പെടുത്തുന്നതായി കഴിഞ്ഞ ദിവസം ചൈനയുമായി കരാര്‍ ഒപ്പു വെച്ചിരുന്നു. തൊണ്ണൂറ് ലക്ഷം കൊറോണ കിറ്റുകളാണ് ഇതിന്റെ ഭാഗമായി സൗദിയിലെത്തുന്നത്. അതേസമയം, നിലവില്‍ ഇരുന്നൂറോളം സംഘങ്ങളായി തിരിഞ്ഞ് ആരോഗ്യ വിഭാഗത്തിലെ ഉദ്യോഗസ്ഥര്‍ ലേബര്‍ ക്യാമ്പുകളില്‍ പരിശോധന നടത്തുന്നുണ്ട്.
പരിശോധന തുടങ്ങിയതോടെ നൂറുകണക്കിന് കേസുകളാണ് ലേബര്‍ ക്യാമ്പുകളില്‍ നിന്നും വിദേശികള്‍ തിങ്ങിപ്പാര്‍ക്കുന്ന മേഖലകളില്‍ നിന്നും കണ്ടെത്തിയത്. സമാന രീതിയില്‍ രാജ്യത്തെ ഒരോ പാര്‍പ്പിടങ്ങളിലും പരിശോധന നടത്തുവാനാണ് പദ്ധതി.
Discussion about this post