കൊറോണ ബാധിച്ച് മലയാളിയായ സാമൂഹിക പ്രവര്‍ത്തകന് അബൂദബിയില്‍ ദാരുണാന്ത്യം

അബൂദബി: അബൂദബിയിലെ സാമൂഹിക പ്രവര്‍ത്തകന്‍ കൊറോണ വൈറസ് ബാധിച്ച് മരിച്ചു. തൃശൂര്‍ തിരുവത്ര സ്വദേശിയായ പി.കെ കരീം ഹാജി (62) യാണ് മരിച്ചത്. വൈറസ് ബാധിച്ചതിനെ തുടര്‍ന്ന് ചികിത്സയില്‍ കഴിയവെയാണ് അന്ത്യം.

കൊറോണ ലക്ഷണങ്ങളെ തുടര്‍ന്ന് രണ്ടാഴ്ചയിലധികമായി ചികില്‍സയിലായിരുന്നു അദ്ദേഹം. അബൂദബി ബുര്‍ജീല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെയാണ് മരണം സംഭവിച്ചത്. മൃതദേഹം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി വ്യാഴാഴ്ച അബൂദബിയില്‍ സംസ്‌കരിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

അബൂദബി ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍, സുന്നി സെന്റര്‍, കെ.എം.സി.സി എന്നിവയുടെ ഭാരവാഹിയായിരുന്നു. ഇതിനോടകം വിദേശരാജ്യങ്ങളില്‍ നിരവധി മലയാളികളാണ് കൊറോണ വൈറസ് ബാധിച്ച് മരിച്ചത്. കഴിഞ്ഞ ദിവസം മലപ്പുറം സ്വദേശിയും കൊറോണ ബാധിച്ച് മക്കയില്‍ മരിച്ചു.

തെന്നല വെസ്റ്റ് ബസാര്‍ സ്വദേശി കോട്ടുവല ഇപ്പു മുഞ്ഞിയാര്‍ (മുഹമ്മദ് മുഞ്ഞിയാര്‍ 57) ആണ് മരിച്ചത്. കൊറോണ ബാധിച്ച് അദ്ദേഹം കഴിഞ്ഞ നാല് ദിവസങ്ങളായി മക്ക ഹിറ ആശുപത്രി ഐസൊലേഷന്‍ വാര്‍ഡില്‍ ചികിത്സയിലായിരുന്നു. മക്കയില്‍ മത സാമൂഹിക സാംസ്‌കാരിക രംഗത്ത് വര്‍ഷങ്ങളായി സജീവമായുള്ള വ്യക്തിയായിരുന്നു.

Exit mobile version