തിരുവനന്തപുരം: കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വിദേശത്ത് കുടുങ്ങിപ്പോയവർക്ക് കേരളത്തിലേക്ക് മടങ്ങാൻ അവസരമൊരുങ്ങുന്നു. ഇത്തരത്തിൽ നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന പ്രവാസികൾക്കായി നോർക്ക രജിസ്‌ട്രേഷൻ ആരംഭിച്ചു. ഗർഭിണികൾ, കൊറോണ ഒഴികെയുള്ള രോഗങ്ങൾ കൊണ്ട് വലയുന്നവർ, വിസ കാലാവധി കഴിഞ്ഞവർ, സന്ദർശക വിസയിലെത്തി കുടുങ്ങിപോയവർ മറ്റ് പല രീതികളിൽ ബുദ്ധിമുട്ടനുഭവിക്കുന്നവർ എന്നിവർക്കാണ് പരിഗണന. മടങ്ങാനാഗ്രഹിക്കുന്ന പ്രവാസികൾ ആദ്യ പടിയായി നോർക്കയിൽ രജിസ്റ്റർ ചെയ്യുകയാണ് വേണ്ടത്. കോവിഡ് നെഗറ്റീവ് ആണെന്ന സർട്ടിഫിക്കറ്റും ഹാജരാക്കണം.
ആദ്യം രജിസ്റ്റർ ചെയ്യുന്നവർക്ക് മുൻഗണന ഇല്ലാത്തതിനാൽ ആരും തിരക്കു കൂട്ടേണ്ടെന്ന് നോർക്ക അധികൃതർ അറിയിച്ചു. WWW. NORKAROOTS.ORG എന്ന വെബ്‌സ്‌റ്റൈലിലാണ് രജിസ്റ്റർ ചെയ്യേണ്ടത്. മുൻഗണനാ പട്ടിക സർക്കാർ നേരത്തെ പ്രഖ്യാപിക്കുകയും മാർഗ്ഗ രേഖ പുറത്തിറക്കുകയും ചെയ്തിരുന്നു.
സന്ദർശക വിസയിലെത്തുകയും ആ വിസയുടെ കാലാവധി പൂർത്തിയാക്കിയവർക്കുമാണ് ആദ്യ അവസരം. പിന്നീട് വയോജനങ്ങൾ ഗർഭിണികൾ കൊറോണയല്ലാത്ത രോഗമുള്ളവർ എന്നിവരാണ് മുൻഗണനാപട്ടികയിലുള്ളത്.
ലിങ്ക് അർധരാത്രിയോടെ ആക്റ്റീവാകുമെന്ന പറഞ്ഞിരുന്നെങ്കിലും ഇതുവരെ പ്രവർത്തനക്ഷമമായിട്ടില്ല. ഇന്നു തന്നെ ലിങ്കില് റജിസ്റ്റർ ചെയ്യാമെന്നാണ് പ്രതീക്ഷ. സർക്കാർ എല്ലാ വിധ സൗകര്യങ്ങളും മടങ്ങിവരുന്ന പ്രവാസികൾക്കായി ഒരുക്കിയിട്ടുണ്ട്. മൂന്നര ലക്ഷം മുതല് അഞ്ചു ലക്ഷം വരെ പ്രവാസികള് മടങ്ങിയെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. രണ്ട് ലക്ഷം പേർക്ക് വേണ്ട ക്വാറന്റൈൻ സൗകര്യം സർക്കാർ ഒരുക്കിയിട്ടുണ്ട്.
അതേസമയം പ്രവാസികളെ തിരികെയത്തിക്കാൻ കേന്ദ്ര വിദേശകാര്യ മന്ത്രാലയം കണ്ട്രോൾ റൂമുകൾ തുറന്നു. പ്രത്യേക വിമാനത്തിലായിരിക്കും വിദേശങ്ങളില് കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ തിരിച്ചെത്തിക്കുക.
Discussion about this post