കുവൈറ്റ്‌സിറ്റി: കൊവിഡ് 19 വൈറസ് ബാധമൂലം കുവൈറ്റില്‍ ഒരു ഇന്ത്യക്കാരനുള്‍പ്പെടെ നാല് മരണം കൂടി. ഇതോടെ വൈറസ് ബാധമൂലം മരിച്ചവരുടെ എണ്ണം 19 ആയി. 150 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 278 പേര്‍ക്കാണ് പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ വൈറസ് ബാധിതരുടെ എണ്ണം
2892 ആയി ഉയര്‍ന്നു.
59 വയസുള്ള ഇന്ത്യക്കാരന്‍, 64 കാരനായ ബംഗ്ലാദേശി, 45കാരനായ ഈജിപ്ത് പൗരന്‍, 74കാരനായ കുവൈത്തി എന്നിവരാണ് കഴിഞ്ഞ ദിവസം വൈറസ് ബാധമൂലം മരിച്ചത്. കുവൈറ്റില്‍ കൊവിഡ് ബാധിച്ച് മരിച്ച ഇന്ത്യക്കാരുടെ എണ്ണം ഇതോടെ ആറായി. രാജ്യത്ത് 1504 ഇന്ത്യക്കാര്‍ക്കാണ് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.
അതേസമയം ചികിത്സയിലുണ്ടായിരുന്നവരില്‍ 43 പേര്‍ കൂടി രോഗമുക്തി നേടിയെന്നും അധികൃതര്‍ വ്യക്തമാക്കി. ഇതോടെ രാജ്യത്ത് അസുഖം ഭേദമായവരുടെ എണ്ണം 656 ആയി ഉയര്‍ന്നു. നിലവില്‍ 2217 പേരാണ് ചികിത്സയിലുള്ളത്. ഇതില്‍ 58 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. 33 പേരുടെ നില ഗുരുതരമാണെന്നും ആരോഗ്യമന്ത്രലായം അറിയിച്ചു.