റിയാദ്: സൗദി അറേബ്യ ഭരണകൂടം നടപ്പാക്കിയ ഒട്ടേറെ പരിഷ്‌കാരങ്ങള്‍ അന്താരാഷ്ട്രതലത്തില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരിന്നു. ഇപ്പോള്‍ വീണ്ടും പുതിയ മാറ്റങ്ങള്‍ കൊണ്ടുവരാനുള്ള തയ്യാറെടുപ്പിലാണ് സൗദി. കാലങ്ങളായി തുടര്‍ന്ന് വന്നിരുന്ന ശിക്ഷാ രീതികളിലാണ് സൗദി അറേബ്യ മാറ്റം വരുത്താനൊരുങ്ങുന്നത്.
റോയിട്ടേഴ്സ് വാര്‍ത്താ ഏജന്‍സിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. സൗദി സുപ്രീംകോടതിയിലെ രേഖകള്‍ ഉദ്ധരിച്ചാണ് റോയിട്ടേഴ്സ് റിപ്പോര്‍ട്ട്. സൗദി രാജാവിന്റെ നിര്‍ദേശ പ്രകാരം കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ മേല്‍നോട്ടത്തിലാണ് പുതിയ പരിഷ്‌കാരം നടപ്പാക്കുന്നത്.
സൗദി അറേബ്യയില്‍ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ശിക്ഷാ രീതിയായ ചാട്ടവാറടി ഒഴിവാക്കാനാണ് പുതിയ തീരുമാനം. ചാട്ടവാറടിക്ക് പകരം മറ്റുചില ശിക്ഷകളാകും പ്രതികള്‍ക്ക് ലഭിക്കുക. നേരത്തെ മയക്ക് മരുന്ന്, പീഡന കേസില്‍ പിടിയിലായവര്‍ക്ക് സൗദിയില്‍ ചാട്ടവാറടി ശിക്ഷയായി നല്‍കിയിരുന്നു.
എന്നാല്‍ ഇതിനെതിരെ ചില പാശ്ചാത്യ മനുഷ്യവകാശ സംഘടനകള്‍ രംഗത്തുവന്നതോടെയാണ് പുതിയ പരിഷ്‌കരണം നടപ്പാക്കിയതെന്നാണ് വിവരം. ഈ സുപ്രധാന പരിഷ്‌കാരം സൗദി സുപ്രീംകോടതിയുടെ ജനറല്‍ കമ്മീഷനാണ് നടപ്പാക്കുന്നത്.
സൗദിയില്‍ ഈ മാസം മുതല്‍ തന്നെ പുതിയ പരിഷ്‌കാരം നടപ്പാക്കുമെന്നാണ് സൂചനകള്‍. ഇനിമുതല്‍ കുറ്റവാളികള്‍ക്ക് ചാട്ടവാറടിക്ക് പകരമായി ജയില്‍ ശിക്ഷയോ പിഴയോ ആണ് വിധിക്കുക. അല്ലെങ്കില്‍ ഇവ രണ്ടും വിധിക്കുമെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.
അതേസമയം, കൈവെട്ടലും വധശിക്ഷയും തുടരും. മോഷണം നടത്തിയവന്റെ കൈവെട്ടുക, കൊലപാതകം ഉള്‍പ്പെടെയുള്ള കടുത്ത കുറ്റം ചെയ്തവര്‍ക്ക് വധശിക്ഷ വിധിക്കുക തുടങ്ങിയ ശിക്ഷാ രീതികള്‍ തുടരുമെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ശിക്ഷയിലെ ഇളവുകള്‍ മനുഷ്യാവകാശ വിഷയത്തില്‍ സൗദി നടത്തുന്ന സുപ്രധാന ചുവടുവയ്പ്പാണെന്ന് സൗദിയിലെ ഹ്യമണ്‍ റൈറ്റ്സ് കമ്മീഷന്‍ അധ്യക്ഷന്‍ അവ്വദ് അലവ്വദ് റോയിട്ടേഴ്സിനോട് പറഞ്ഞു.
Discussion about this post