യുഎഇയില്‍ കൊവിഡ് ബാധിച്ച് മലയാളി ഉള്‍പ്പെടെ എട്ട് പേര്‍ കൂടി മരിച്ചു; 525 പേര്‍ക്ക് കൂടി പുതുതായി രോഗം സ്ഥിരീകരിച്ചു

ദുബൈ: യുഎഇയില്‍ കൊവിഡ് ബാധിച്ച് മലയാളി ഉള്‍പ്പെടെ എട്ട് പേര്‍ കൂടി മരിച്ചു. തൃശൂര്‍ ചേറ്റുവ ചുള്ളിപ്പടി ചിന്നക്കല്‍കുറുപ്പത്ത് വീട്ടില്‍ ഷംസുദ്ദീനാണ് മരിച്ച മലയാളി. 65 വയസായിരുന്നു. ഇന്ന് പുലര്‍ച്ചെ ദുബൈ ഖിസൈസിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു മരണം.

ദുബൈ പോലീസിലെ മെയിന്റനന്‍സ് വിഭാഗം ജീവനക്കാരനായി ജോലിനോക്കിയിരുന്ന ഷംസുദ്ദീന്‍ എട്ട് ദിവസം മുമ്പാണ് കൊവിഡ് ലക്ഷണങ്ങളോടെ ചികിത്സ തേടിയത്. പിന്നീട് നടന്ന പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. മൃതദേഹം കൊവിഡ് പ്രോട്ടോകോള്‍ അനുസരിച്ച് ദുബൈയില്‍ ഖബറടക്കും.

അതെസമയം ഇന്ന് 525 പേര്‍ക്ക് കൂടി പുതുതായി രോഗം സ്ഥിരീകരിച്ചു. ഇതോടെ മൊത്തം രോഗബാധിതരുടെ എണ്ണം 9281 ആയി. 123 പേര്‍ക്ക് ഇന്ന് രോഗം ഭേദമായി. രോഗവിമുക്തി നേടിയവരുടെ എണ്ണം 1760 ആയി വര്‍ധിച്ചു.

Exit mobile version