റിയാദ്: സൗദി അറേബ്യയിലെ തലസ്ഥാന നഗരിയായ റിയാദിലെ ബത്ഹയിൽ മലയാളി പ്രവാസിയെ മരിച്ച നിലയിൽ കണ്ടെത്തി. പത്തനംതിട്ട ജില്ലയിലെ പന്തളം തോന്നല്ലൂർ സ്വദേശി വാദിയാര വടക്കേതിൽ പരീതുകുഞ്ഞ് ജസീനെ(58) യാണ് താമസിക്കുന്ന മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.
ബത്ഹയിൽ മലബാർ ഹോട്ടലിന് സമീപം ഒരു മുറിയിൽ തനിച്ചാണ് ഇദ്ദേഹം താമസിച്ചു വന്നിരുന്നത്. രണ്ട് ദിവസം മുമ്പ് ബത്ഹയിലെ ക്ലിനിക്കിൽ പനിക്ക് ചികിത്സയും തേടിയിരുന്നു. പിന്നീട് മുറിയിൽ നിന്ന് പുറത്തിറങ്ങിയിട്ടില്ലെന്നാണ് സുഹൃത്തുക്കളുടെ മൊഴി.
നാട്ടിൽ നിന്ന് ഭാര്യ ഫോൺ വിളിച്ചിട്ടും എടുക്കാത്തതിനെത്തുടർന്ന് സുഹൃത്തുക്കൾ വന്നു നോക്കുമ്പോൾ മുറി അടച്ചിട്ട നിലയിലായിരുന്നു. ഫോൺ ബെല്ലടിക്കുന്നുമുണ്ടായിരുന്നു. തുടർന്ന് പോലീസിൽ വിവരമറിയിക്കുകയും ചെയ്തു. പോലീസെത്തി മുറി തുറന്നപ്പോഴാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. മൃതദേഹം ശുമൈസി മോർച്ചറിയിലേക്ക് മാറ്റി. ഭാര്യ: സുനിത. രണ്ട് മക്കളുണ്ട്.
Discussion about this post