കുവൈറ്റ് സിറ്റി: ചരക്ക് വിമാനങ്ങളില്‍ മൃതദേഹങ്ങള്‍ നാട്ടിലേക്കയക്കുന്നത് വിലക്കിയ കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനെതിരെ പ്രവാസലോകത്ത് പ്രതിഷേധം ശക്തമാകുന്നു. കൊറോണ ബാധിതരല്ലാത്തവരുടെ മൃതദേഹങ്ങള്‍ പോലും വിലക്കിക്കൊണ്ടുള്ള ഉത്തരവ് കേന്ദ്രസര്‍ക്കാര്‍ അടിയന്തിരമായി പിന്‍വലിക്കണമെന്നു കുവൈറ്റിലെ വിവിധ പ്രവാസി സംഘടനകള്‍ ആവശ്യപ്പെട്ടു.
കൊറോണ വൈറസ് വ്യാപിച്ചതോടെ ഇന്ത്യയിലേക്കുള്ള അന്താരാഷ്ട്ര വിമാന സര്‍വീസുകളെല്ലാം നിശ്ചലമായിരുന്നു. ഇതോടെ ഗള്‍ഫ് നാടുകളില്‍ മരിക്കുന്നവരുടെ മൃതദേഹങ്ങള്‍ നാട്ടിലേക്ക് അയക്കാനുള്ള വഴികളെല്ലാം അടഞ്ഞു. പല മൃതദേഹങ്ങളും ഉറ്റവര്‍ക്ക് അവസാനമായൊന്ന് കാണാന്‍പോലും അവസരം ലഭിക്കാതെ ഗള്‍ഫ് മണ്ണില്‍ സംസ്കരിക്കുകയായിരുന്നു.
അതിനിടെയാണ് ഇന്ത്യയില്‍നിന്ന് എത്തുന്ന ചരക്കുവിമാനങ്ങള്‍ തിരിച്ചുപോകുമ്പോള്‍ മൃതദേഹങ്ങളും കയറ്റിയയക്കാന്‍ അനുമതിയായത്. ഇത് പ്രവാസലോകത്തിന് ചെറിയൊരാശ്വാസമേകിയിരുന്നു. കൊറോണ നിയന്ത്രണങ്ങള്‍ മൂലമുള്ള പ്രതികൂല സാഹചര്യങ്ങള്‍ അതിജീവിച്ചാണ് മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ സാമൂഹ്യ പ്രവര്‍ത്തകര്‍ പൂര്‍ത്തിയാക്കുന്നത്.
എന്നാല്‍ കഴിഞ്ഞ ദിവസം മുതല്‍ ചരക്ക് വിമാനങ്ങളിലും മൃതദേഹങ്ങള്‍ അയക്കുന്നതിനു കേന്ദ്രം വിലക്കേര്‍പ്പെടുത്തി. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്‍കൂര്‍ അനുമതി ഇതിന് ആവശ്യമാണെന്നാണ് ബ്യൂറോ ഓഫ് ഇമിഗ്രേഷന്‍ എല്ലാ വിമാനത്താവളങ്ങളിലേക്കും വാക്കാല്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.
മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്നത് തടഞ്ഞ തീരുമാനം പ്രവാസികളോട് ചെയ്യുന്ന ക്രൂരതയാണെന്ന് പ്രവാസി സംഘടനകള്‍ ഒന്നടങ്കം പ്രതികരിച്ചു. എന്നാല്‍ ഈ നടപടി താത്കാലികമാണെന്നും മൃതദേഹങ്ങള്‍ കൊണ്ടുവരുന്നത് സംബന്ധിച്ച മാര്‍ഗരേഖ തയ്യാറാക്കുന്നതിനായുള്ള നടപടിക്രമത്തിന്റെ ഭാഗമായാണ് വിലക്കെന്നും കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു.
Discussion about this post