കുവൈത്ത് സിറ്റി: കുവൈത്തില്‍ രണ്ട് ഇന്ത്യക്കാര്‍ കൂടി കൊവിഡ് ബാധിച്ചു മരിച്ചു. 57 വയസ്സും 75 വയസ്സും പ്രായമുള്ളവരാണ് മരിച്ചത്. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു ഇവര്‍.ഇതോടെ കൊവിഡ് മൂലം മരിച്ച ഇന്ത്യക്കാരുടെ എണ്ണം ഇതോടെ അഞ്ചായി. രാജ്യത്ത് ആകെ മരിച്ചവരുടെ എണ്ണം പതിമൂന്നായി. ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.
കൂടാതെ ഇന്ന് 168 പേര്‍ക്ക് കൂടി പുതുതായി കൊവിഡ്19 സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 2248 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 80 പേര് ഇന്ത്യക്കാരാണ്. ഇതോടെ രാജ്യത്തെ കൊവിഡ് ബാധിതരായ ഇന്ത്യക്കാരുടെ എണ്ണം 1249 ആയി ഉയര്‍ന്നു. പുതിയ രോഗികളില്‍ ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 145 പേര്‍ക്കു നേരത്തെ കൊവിഡ് സ്ഥിരീകരിച്ചവരുമായുള്ള സമ്പര്‍ക്കത്തെ തുടര്‍ന്നാണ് വൈറസ് ബാധിച്ചത്.
17 പേര്‍ക്ക് രോഗം ബാധിച്ചത് എങ്ങിനെയെന്ന് വ്യക്തമായിട്ടില്ല. അതെസമയം 31 പേര് കൂടി രോഗമുക്തി നേടി. ഇതോടെ രോഗമുക്തരാകുന്നവരുടെ എണ്ണം 443 ആയി. നിലവില്‍ 1792 പേരാണ് ചികിത്സയിലുള്ളത്. ഇതില്‍ 50 പേര് തീവ്രപരിചരണ വിഭാഗത്തിലാണ്. 21 പേരുടെ നില ഗുരുതരമാണെന്നും ആരോഗ്യമന്ത്രലായം അറിയിച്ചു.
Discussion about this post