കുവൈറ്റ് സിറ്റി: കൊവിഡ് 19 വൈറസ് ബാധമൂലം കുവൈറ്റില്‍ ഒരു ഇന്ത്യക്കാരന്‍ കൂടി മരിച്ചു. ഇതോടെ വൈറസ് ബാധമൂലം കുവൈറ്റില്‍ മരിച്ച ഇന്ത്യക്കാരുടെ എണ്ണം രണ്ടായി. പത്തു ദിവസമായി തീവ്രപരിചരണ വിഭാഗത്തിലായിരുന്ന 60 വയസ്സുള്ള ഇന്ത്യന്‍ പൗരനാണ് മരിച്ചത്. ഇതോടെ രാജ്യത്ത് കൊവിഡ് മരണം ഏഴായി. 97 ഇന്ത്യക്കാരുള്‍പ്പെടെ 164 പേര്‍ക്ക് പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 1915 ആയി ഉയര്‍ന്നു.
കുവൈറ്റില്‍ 1085 ഇന്ത്യക്കാര്‍ക്കാണ് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. പുതുതായി രോദം സ്ഥിരീകരിച്ചവര്‍ക്ക് നേരത്തെ കൊവിഡ് സ്ഥിരീകരിച്ചവരുമായുള്ള സമ്പര്‍ക്കത്തെ തുടര്‍ന്നാണ് വൈറസ് ബാധയുണ്ടായത്. അതേസമയം വിവിധ രാജ്യക്കാരായ ആറുപേര്‍ക്ക് രോഗം ബാധിച്ചത് എങ്ങിനെയെന്ന് വ്യക്തമായിട്ടില്ല.
അതേസമയം രാജ്യത്ത് 25 പേര്‍ കൂടി രോഗമുക്തി നേടി. ഇതോടെ രാജ്യത്ത് കൊവിഡ് ഭേദമായവരുടെ എണ്ണം 305 ആയി. നിലവില്‍ 1603 പേരാണ് ചികിത്സയിലുള്ളത്. ഇതില്‍ 38 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. 20 പേരുടെ നില ഗുരുതരമാണെന്നാണ് അധികൃതര്‍ അറിയിച്ചത്.